ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ തയാറാണെന്ന് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. പരിശീലകനാവാന്‍ അവസരം ലഭിച്ചാല്‍ കണ്ണ് ചിമ്മുന്ന വേഗത്തില്‍ അത് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അസ്ഹര്‍ ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ ടീം പരിശീലകനാവാനുള്ള അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും കണ്ണ് ചിമ്മുന്ന വേഗത്തില്‍ ഞാനത് ഇരുകൈയും നീട്ടി  സ്വീകരിക്കും. നിലവിലെ ടീമിനൊപ്പം നിരവധി സപ്പോര്‍ട്ട് സ്റ്റാഫിനെ കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു. കാരണം മുഖ്യപരിശീലകന്‍ തന്നെ മികച്ച ബാറ്റ്സ്മാനാണെങ്കില്‍ പിന്നെ ടീമിനെന്തിനാണ് വേറെ ബാറ്റിംഗ് പരിശീലകനെന്നും അസ്ഹര്‍ ചോദിച്ചു.


ഇന്ത്യന്‍ ടീമിനൊപ്പം സപ്പോര്‍ട്ട് സ്റ്റാഫെന്ന പേരില്‍ നിരവധിപേരുണ്ട്. ഉദാഹരണമായി പറഞ്ഞാല്‍, എന്റെ സ്പെഷലൈസേഷന്‍ ബാറ്റിംഗിലും ഫീല്‍ഡിംഗലുമാണ്. അതുകൊണ്ടുതന്നെ ഞാന്‍ പരിശീലകനാകുന്ന ടീമിന് വേറെ ബാറ്റിംഗ്, ഫീല്‍ഡിംഗ് പരിശീലകരുടെ ആവശ്യമില്ല. ഈ വര്‍ഷത്തെ ഐപിഎല്‍ വെട്ടിച്ചുരുക്കിയായാലും നടത്തണമെന്നും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ അസ്ഹര്‍ പറഞ്ഞു.

Also Read:ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ആ ഇന്ത്യന്‍ താരമെന്ന് സ്റ്റീവ് സ്മിത്ത്

കുറഞ്ഞത് ഏഴ് മത്സരങ്ങള്‍ വീതം ഒരു ടീമിന് ലഭിക്കുന്ന രീതിയിലെങ്കിലും ഐപിഎല്‍ നടത്തണം. കാരണം യുവതാരങ്ങള്‍ക്ക് പ്രതിഭ തെളിയിക്കാനുള്ള വലിയ വേദിയാണ് ഐപിഎല്‍. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ നിര്‍ണായക സാന്നിധ്യങ്ങളായ ജസ്പ്രീത് ബുമ്രയുടെയും ഹര്‍ദ്ദിക് പാണ്ഡ്യയുടെയും കാര്യം തന്നെയെടുക്കു. ഐപിഎല്‍ ഇല്ലായിരുന്നെങ്കില്‍ ബുമ്രയും പാണ്ഡ്യയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കിടന്ന് കഷ്ടപ്പെടുകയാവും. അതുകൊണ്ടുതന്നെ എന്തു റിസ്ക് എടുത്തിട്ടായാലും ഐപിഎല്‍ നടത്താന്‍ ബിസിസിഐ തയാറാവണമെന്നും അസ്ഹര്‍ പറഞ്ഞു.


ഇന്ത്യന്‍ പരിശീലകനാവാന്‍ തയാറാണെന്ന് അസ്ഹര്‍ പറഞ്ഞെങ്കിലും നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിക്ക് 2021ലെ ടി20 ലോകകപ്പ് വരെ കാലവധിയുണ്ട്. കഴിഞ്ഞവര്‍ഷം ഏകദിന ലോകകപ്പിനിടെ പരിശീലക സ്ഥാനത്ത് ശാസ്ത്രിയുടെ കാലവധി കഴിഞ്ഞെങ്കിലും ബിസിസിഐ രണ്ട് വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കി നല്‍കുകയായിരുന്നു.

രവി ശാസ്ത്രി മുഖ്യ പരിശീലകനായി തുടരുമ്പോഴും ബാറ്റിംഗ് പരിശീലകനായി വിക്രം റാത്തോഡും ഫീല്‍ഡിംഗ് പരിശീലകനായി ആര്‍ ശ്രീധറും ബൗളിംഗ് കോച്ചായി ഭരത് അരുണും ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്.