സിഡ്നി: സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. സ്ലിപ്പിലും കവറിലുമെല്ലാം ഒരു പക്ഷിയെപ്പോലെ പറന്ന് നിരവധി ക്യാച്ചുകള്‍ സ്മിത്ത് കൈപ്പിടിയിലൊതുക്കുന്നത് കണ്ട് ആരാധകര്‍ അമ്പരന്നിരിന്നിട്ടുമുണ്ട്. എന്നാല്‍ അതേ സ്മിത്ത് പറയുന്നത്, ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ മറ്റൊരാളാണെന്നാണ്. മറ്റാരുമല്ല, ഇന്ത്യയുടെ രവീന്ദ്ര ജഡേജ.

ഞായറാഴ്ച ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംസാരിക്കവെ ആണ് സ്മിത്ത് സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡറെ തെരഞ്ഞെടുത്തത്.  ആരാണ് ഏറ്റവും മികച്ച ഫീല്‍ഡറെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ ജഡേജയെന്ന് സ്മിത്ത് മറുപടി നല്‍കി. നിലവിലെ ഇന്ത്യന്‍ യുവതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ മതിപ്പ് തോന്നിയ താരം കെ എല്‍ രാഹുലാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി സ്മിത്ത് പറഞ്ഞു.


ഐപിഎല്ലാണ് തന്റെ ഇഷ്ടപ്പെട്ട ടി20 ടൂര്‍ണമെന്റെന്ന് തുറന്നുപറഞ്ഞ സ്മിത്ത് ഐപിഎല്ലിനെ മറികടക്കാനൊരു ടൂര്‍ണമെന്റില്ലെന്നും വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ക്കൊപ്പവും കളിക്കാര്‍ക്കെതിരെയും കളിക്കാനുള്ള അവസരമാണ് ഐപിഎല്‍ നല്‍കുന്നതെന്നും സ്മിത്ത് പറഞ്ഞു.

Also Read:ഞാന്‍ കോലിയുടെ ആരാധകനാണ്; ഇന്ത്യന്‍ ക്യാപ്റ്റനെ പുകഴ്ത്തി സ്മിത്ത്

ആഷസില്‍ ഇംഗ്ലണ്ടിനെതിരെ ബര്‍മിംഗ്ഹാമില്‍ നേടിയ സെഞ്ചുറിയാണ്(144) ഏറ്റവും ഇഷ്ടപ്പെട്ട ടെസ്റ്റ് സെഞ്ചുറിയെന്നും സ്മിത്ത് വ്യക്തമാക്കി. ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ധോണി ഒരു ഇതിഹാസമാണെന്നും മിസ്റ്റര്‍ കൂളാണെന്നുമായിരുന്നു സ്മിത്തിന്റെ മറുപടി. ബാറ്റിംഗിന്റെ കാര്യമെടുത്താല്‍ നായകന്‍ വിരാട് കോലി 'ഫ്രീക്ക്' ആണെന്നും സ്മിത്ത് പറഞ്ഞു.


ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സ്മിത്ത് രാജസ്ഥാന്‍ മുന്‍ താരം കൂടിയായ രാഹുല്‍ ദ്രാവിഡിനെക്കുറിച്ചും മനസുതുറന്നു. ഇത്രയും മാന്യനായ മനുഷ്യനെ കണ്ടിട്ടില്ലെന്നും മികച്ച കളിക്കാരനാണ് ദ്രാവിഡെന്നുമായിരുന്നു സ്മിത്തിന്റെ മറുപടി.

നേരത്തെ, ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിംഗ് ഇതിഹാസം ജോണ്ടി റോഡ്സും ജഡേജയെ സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡറായി തെരഞ്ഞെടുത്തിരുന്നു.