മറുപടി ബാറ്റിംഗില്‍ തകര്‍ച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സ് മാത്രമുള്ളപ്പോള്‍ സ്മൃതി മന്ദാന (9) മടങ്ങി.

ബ്രിസ്‌ബേന്‍: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍. ബ്രിസ്‌ബേനില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സാണ് നേടിയത്. സെഞ്ചുറി നേടിയ ജോര്‍ജിയ വോള്‍ (101), എല്ലിസ് പെറി (105) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഫോബ് ലിച്ച്ഫീല്‍ഡ് (60), ബേത് മൂണി (56) എന്നിവരുടെ ഇന്നിംഗ്‌സും നിര്‍ണായകമായി. ഇന്ത്യക്ക് വേണ്ടി സൈ താക്കൂര്‍ മൂന്ന് വിക്കറ്റെടുത്തു. മലയാളി താരം മിന്നു മണിക്ക് രണ്ട് വിക്കറ്റുണ്ട്. ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഏകദിനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 19 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുത്തിട്ടുണ്ട്. റിച്ചാ ഘോഷ് (48), ഹര്‍മന്‍പ്രീത് കൗര്‍ (23) എന്നിവരാണ് ക്രീസില്‍.

മറുപടി ബാറ്റിംഗില്‍ തകര്‍ച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സ് മാത്രമുള്ളപ്പോള്‍ സ്മൃതി മന്ദാന (9) മടങ്ങി. കിം ഗാര്‍ത്തിന്റെ പന്തില്‍ ബൗള്‍ഡ്. 11-ാം ഓവറില്‍ ഡിയോളും കൂടാരം കയറി. അന്നാബെല്‍ സതര്‍ലന്‍ഡിനാണ് വിക്കറ്റ്. ഇനി റിച്ച - കൗര്‍ സഖ്യത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. നേരത്തെ ഗംഭീര തുടക്കാണ് ഓസീസിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ലിച്ച്ഫീല്‍ഡ് - വോള്‍ സഖ്യം 130 റണ്‍സ് ചേര്‍ത്തു. 20-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ലിച്ച്ഫീല്‍ഡിനെ, സൈമ താക്കൂര്‍ പുറത്താക്കി. പിന്നീട് വോളിനൊപ്പം ചേര്‍ന്ന പെറി മനോഹരമായി ഓസീസിനെ മുന്നോട്ട് നയിച്ചു. ഇരുവരും 98 റണ്‍സ് കൂട്ടിചേര്‍ത്തു.

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനല്‍: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ടോസ്; മാറ്റമില്ലാതെ ഇരു ടീമുകളും

33-ാം ഓവറില്‍ ഈ കൂട്ടുകെട്ടും വേര്‍പിരിഞ്ഞു. വോളിനെ പുറത്താക്കി സൈമ തന്നെയാണ് ബ്രേക്ക് ത്രൂ നല്‍കിയത്. 87 പന്തുകള്‍ നേരിട്ട വോള്‍ 12 ഫോറുകള്‍ നേടിയിരുന്നു. എന്നാല്‍ പെറി ഉറച്ചുനിന്നു. മൂണിക്കൊപ്പം 98 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാനും പെറിക്ക് സാധിച്ചു. പെറി പുറത്താവുമ്പോള്‍ 43.5 ഓവറില്‍ മൂന്നിന് 320 എന്ന ശക്തമായ നിലയിലായിരുന്നു ഓസീസ്. 75 പന്തുകള്‍ നേരിട്ട പെറി ആറ് സിക്‌സും ഏഴ് ഫോറും നേടിയിരുന്നു. തുടര്‍ന്നെത്തിയവരില്‍ തഹ്ലിയ മഗ്രാത് (20) ഒഴികെ ആര്‍ക്കും കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ല. സതര്‍ലന്‍ഡ് (6), അഷ്‌ലി ഗാര്‍ഡ്‌നര്‍ (0), സോഫി മൊളിനക്‌സ് (0), അലാന കിംഗ് (8) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. കിം ഗാര്‍ത് (6) പുറത്താവാതെ നിന്നു. 

10 ഓവറില്‍ 62 റണ്‍സ് വിട്ടുനല്‍കിയാണ് സൈമ മൂന്ന് വിക്കറ്റെടുത്തത്. മിന്നു മണി ഒമ്പത് ഓവറുകള്‍ എറിഞ്ഞു. 71 റണ്‍സ് വിട്ടുകൊടുത്ത താരം മൂണി, മൊളിനക്‌സ് എന്നിവരെ പുറത്താക്കി. 10 ഓവറില്‍ 88 റണ്‍സ് വിട്ടുകൊടുത്ത പ്രിയ മിശ്രയാണ് ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരം.