മഴ കാരണം ഉപേക്ഷിച്ച ഇന്ത്യ - ഓസ്‌ട്രേലിയ ആദ്യ ട്വന്റി 20 മത്സരത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പുതിയ റെക്കോർഡിട്ടു. ട്വന്റി 20യിൽ അതിവേഗം 150 സിക്‌സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് സൂര്യ സ്വന്തമാക്കിയത്.

കാന്‍ബറ: മഴ കാരണം ഉപേക്ഷിച്ച ഇന്ത്യ - ഓസ്‌ട്രേലിയ ആദ്യ ട്വന്റി 20യില്‍ റെക്കോര്‍ഡിട്ട് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ട്വന്റി 20യില്‍ അതിവേഗം 150 സിക്‌സറുകള്‍ നേടുന്ന താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. 86 ഇന്നിങ്‌സുകളില്‍ നിന്നാണ് സൂര്യയുടെ റെക്കോര്‍ഡ് നേട്ടം. 205 സിക്‌സറുകളുമായി രോഹിത് ശര്‍മയാണ് സിക്‌സര്‍ കിങ്ങുകളില്‍ ഒന്നാമന്‍. 1,649 പന്തുകള്‍ നേരിട്ടാണ് സൂര്യ ഈ നേട്ടത്തിലെത്തിയത്. യുഎഇ താരംമുഹമ്മദ് വസീം 66 ഇന്നിങ്‌സില്‍ നിന്ന് 150 സിക്‌സറുകള്‍ നേടിയിട്ടുണ്ട്. പക്ഷേ ഐസിസിയിലെ അസോസിയേറ്റ് രാജ്യമായാണ് യുഎഇയെ പരിഗണിക്കുന്നത്.

അതേസമയം, ഓസ്ട്രേലിയ - ഇന്ത്യ ഒന്നാം ടി20 മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. കാന്‍ബറ, മനുക ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 9.4 ഓവറില്‍ ഒന്നിന് 97 എന്ന നിലയില്‍ നില്‍ക്കെയാണ് രണ്ടാമതും മഴയെത്തിയത്. തുടര്‍ന്ന് തോരാമഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ടി വന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (24 പന്തില്‍ 39), ശുഭ്മാന്‍ ഗില്‍ (20 പന്തില്‍ 37) എന്നിവരായിരുന്നു ക്രീസില്‍. അഭിഷേക് ശര്‍മയുടെ (14 പന്തില്‍ 19) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നതാന്‍ എല്ലിസിലാണ് വിക്കറ്റ്. നേരത്തെ അഞ്ചാം ഓവറിന് ശേഷം മഴ എത്തിയതിനെ തുടര്‍ന്ന് മത്സരം 18 ഓവറാക്കി ചുരുക്കിയിരുന്നു.

തുടക്കം നന്നായി

ജോഷ് ഹേസല്‍വുഡിന്റെ ആദ്യ ഓവറിലെ അവസാന പന്ത് ബൗണ്ടറി കടത്തി അഭിഷേക് ശര്‍മയാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. സേവിയര്‍ ബാര്‍ട്‌ലെറ്റ് എറിഞ്ഞ രണ്ടാം ഓവറില്‍ അഭിഷേക് രണ്ട് ബൗണ്ടറി കൂടി നേടി. ഹേസല്‍വുഡെറിഞ്ഞ മൂന്നാം ഓവറില്‍ ഗില്ലും അഭിഷേകും ഓരോ ബൗണ്ടറി വീതം നേടി തുടക്കം കളറാക്കി. ആദ്യ ബൗളിംഗ് മാറ്റവുമായി എത്തിയ നഥാന്‍ എല്ലിസ് എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ ഗില്‍ അടുത്ത പന്തില്‍ ശക്തമായ എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്ന് രക്ഷപ്പെട്ടു. തൊട്ടു പിന്നാലെ എല്ലിസിനെ സ്ട്രൈറ്റ് ബൗണ്ടറി കടത്തി ഗില്‍ കരുത്തുകാട്ടി.

എന്നാല്‍ സ്ലോ ബോളില്‍ അഭിഷേകിനെ മിഡോഫില്‍ ടിം ഡേവിഡിന്റെ കൈയിലെത്തിച്ച് എല്ലിസ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. തൊട്ടടുത്ത ഓവറില്‍ ജോഷ് ഹേസല്‍വുഡിന് മുന്നില്‍ ആദ്യം പതറിയെങ്കിലും മൂന്നാം പന്ത് സിക്സിന് പറത്തി സൂര്യകുമാര്‍ യാദവ് ഓസീസിനെ ഞെട്ടിച്ചു. പിന്നാലെ മഴമൂലം കളി നിര്‍ത്തിച്ചു. മത്സരം പുനരാരംഭിച്ചതിന് ശേഷം ഗില്‍-സൂര്യ സഖ്യം ആക്രമണം ഏറ്റെടുത്തു. ഇരുവരും മഴയ്ക്ക് തൊട്ടുമുമ്പ് 62 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു.

YouTube video player