ഇന്ത്യ, പാകിസ്ഥാനെ പരാജയപ്പെടുത്തിയ മത്സരത്തിന് 60.2 കോടിയിലധികം കാഴ്ച്ചക്കാരുണ്ടായിരുന്നു.

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യ - ഓസ്‌ട്രേലിയ സെമി ഫൈനല്‍ മത്സരം ജിയോ ഹോട്ട്‌സ്റ്റാറില്‍ കണ്ടത് റെക്കോഡ് പ്രേക്ഷകര്‍. ആദ്യ ഇന്നിംഗ്സ് കണ്ടത് 66.9 കോടിയിലധികം കാഴ്ച്ചക്കാര്‍. ഇന്ത്യ - പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ട മത്സരത്തിന്റെ റെക്കോര്‍ഡാണ് തകര്‍ക്കപ്പെട്ടത്. ഇന്ത്യ, പാകിസ്ഥാനെ പരാജയപ്പെടുത്തിയ മത്സരത്തിന് 60.2 കോടിയിലധികം കാഴ്ച്ചക്കാരുണ്ടായിരുന്നു. ഈ രണ്ട് മത്സരങ്ങളും ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് മറ്റൊരു മത്സരം ഹോട്ട്‌സ്റ്റാറില്‍ കണ്ടത് 40 കോടിയോളം പ്രേക്ഷകരാണ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന ഇന്ത്യ - ഓസ്‌ട്രേലിയ മത്സരം 19.25 കോടി പേരാണ് കണ്ടിരുന്നത്.

മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ കടന്നിരുന്നു. വിരാട് കോലി (84) ഒരിക്കല്‍ കൂടി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. കോലിക്ക് പുറമെ ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ ശ്രേയസ് അയ്യരും (45) കെ എല്‍ രാഹുലും (42) അക്‌സര്‍ പട്ടേലും (27) ഹാര്‍ദ്ദിക് പാണ്ഡ്യയും (28) ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.

ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും കരുത്തര്‍! ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യയുടെ എതിരാളിയെ ഇന്നറിയാം

2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുള്ള ഇന്ത്യയുടെ മധുരപ്രതികാരം കൂടിയായി ഈ വിജയം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാളെ നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാംപ്യന്‍സ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക. സ്‌കോര്‍ ഓസ്‌ട്രേലിയ 49.3 ഓവറില്‍ 264ന് ഓള്‍ ഔട്ട്, ഇന്ത്യ 48.1 ഓവറില്‍ 267-6.