ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി സ്മൃതി മന്ദാനയെ നിയമിച്ചതിന് പിന്നാലെ മുൻ നായിക ഹർമൻപ്രീത് കൗറുമായി ഭിന്നതയുള്ളതായി റിപ്പോർട്ടുകൾ. ഇരുവരും തമ്മിലുള്ള ആശയവിനിമയക്കുറവ് ഡ്രസ്സിംഗ് റൂമിൽ ചേരിതിരിവുകൾക്ക് കാരണമായെന്നാണ് വിവരം.
മുംബൈ: ഹര്‍മന്‍പ്രീത് കൗര്‍ നായകസ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി സ്മൃതി മന്ദാനയെ നിയമിച്ചിരുന്നു. ബിസിസിഐയുമായുള്ള അവലോകന യോഗത്തിന് ശേഷമാണ് എല്ലാ ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍സി സ്ഥാനത്തുനിന്ന് 37 കാരിയായ ഹര്‍മന്‍പ്രീത് പടിയിറങ്ങിയത്. ജപ്പാനില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണ മെഡലിലേക്ക് നയിച്ചുകൊണ്ടാണ് ഹര്‍മന്‍പ്രീത് തന്റെ ചരിത്രപ്രധാനമായ നായകത്വത്തിന് വിരാമമിട്ടത്.
2013ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച സ്മൃതി മന്ദാന, മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നുമായി പതിനായിരത്തിലധികം റണ്‍സ് നേടി നിലവില്‍ രാജ്യത്തെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായി വളര്‍ന്നിട്ടുണ്ട്. ഹര്‍മന്‍പ്രീതിന്റെ പിന്‍ഗാമിയായി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യയായ താരം സ്മൃതിയാണെന്നതില്‍ യാതൊരു സംശയവുമില്ല. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പ് ജയത്തിന് ശേഷവും ക്യാപ്റ്റന്‍സി മാറ്റുന്നതില്‍ സെലക്ടര്‍മാര്‍ മടി കാണിച്ചിരുന്നുവെങ്കിലും, ഒടുവില്‍ ഗുവാഹട്ടിയില്‍ നടന്ന യോഗത്തിന് ശേഷം മാറ്റങ്ങള്‍ അനിവാര്യമാണെന്ന് വ്യക്തമാക്കപ്പെടുകയായിരുന്നു.
എന്നാല്‍ സമീപകാലത്ത് ഹര്‍മന്‍ പ്രീതും മന്ദാനയും അത്ര രസത്തിലല്ലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇരുവരും തമ്മിലുള്ള ആശയവിനിമയക്കുറവ് ഡ്രസ്സിംഗ് റൂമില്‍ പ്രകടമായ അസ്വസ്ഥതകള്‍ക്കും ചേരിതിരിവുകള്‍ക്കും വഴിവെച്ചിരുന്നു. മുമ്പ് മിതാലി രാജില്‍ നിന്ന് ഹര്‍മന്‍പ്രീത് ക്യാപ്റ്റന്‍സി ഏറ്റെടുത്തപ്പോഴും സമാനമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. അടുത്ത രണ്ടോ മൂന്നോ വര്‍ഷം ഒരു സാധാരണ കളിക്കാരിയായി ടീമില്‍ തുടരാനാണ് ഹര്‍മന്‍പ്രീതിന്റെ തീരുമാനം. ഈ സാഹചര്യത്തില്‍, പഴയ ഭിന്നതകള്‍ മറന്ന് ടീമിന്റെ വിജയത്തിനായി ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ഏറ്റവും അര്‍ഹയായ താരം സ്മൃതിയാണെന്ന് മുന്‍ നായിക മിതാലി രാജ് അടക്കമുള്ളവര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഏഷ്യന്‍ ഗെയിംസിലെയും ഏഷ്യാ കപ്പിലെയും ആധിപത്യത്തിന് ശേഷം, സ്മൃതിയുടെ നേതൃത്വത്തിന് കീഴില്‍ വലിയ ഐസിസി കിരീടങ്ങള്‍ ലക്ഷ്യമിടാനാണ് ഇന്ത്യന്‍ ടീമിന്റെ ഒരുക്കം. അതേസമയം, ഒരു സാധാരണ താരമായി ടീമില്‍ തുടരുന്ന ഹര്‍മന്‍പ്രീതിന് തന്റെ ഫോം വീണ്ടെടുക്കേണ്ടത് നിര്‍ണായകമാകും.

