മിച്ചൽ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ് എന്നീ മികച്ച പേസ് ബൗളര്‍മാരുടെ പേരല്ല രോഹിത് വെളിപ്പെടുത്തിയിരിക്കുന്നത്. 

മുംബൈ: ആവേശം വാനോളം ഉയരുന്ന പോരാട്ടങ്ങൾക്ക് പേര് കേട്ട ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്ന ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫി. അവസാനം നടന്ന ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫി ഓസ്ട്രേലിയയാണ് സ്വന്തമാക്കിയത്. 5 മത്സരങ്ങളടങ്ങിയ പരമ്പര പാറ്റ് കമ്മിൻസ് നയിച്ച ഓസ്ട്രേലിയ 3-1ന് സ്വന്തമാക്കുകയായിരുന്നു. പേസര്‍മാരുടെ പ്രകടനമാണ് ഓസ്ട്രേലിയയ്ക്ക് പരമ്പര നേടിക്കൊടുത്തത്. 

ഇപ്പോൾ ഇതാ ഓസ്ട്രേലിയൻ ടീമിൽ നേരിടാൻ ഏറ്റവും ബുദ്ധിമുട്ട് തോന്നിയ ബൗളറുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മ. മിച്ചൽ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ് എന്നീ മികച്ച ബൗളര്‍മാരുടെ പേര് അല്ല രോഹിത് വെളിപ്പെടുത്തിയത് എന്നതാണ് കൗതുകകരമായ കാര്യം. പേസര്‍ സ്കോട്ട് ബോളണ്ടാണ് താൻ നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ഓസ്ട്രേലിയൻ ബൗളര്‍ എന്നാണ് രോഹിത് പറഞ്ഞത്. ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫിയിൽ മിന്നും പ്രകടനമാണ് ബോളണ്ട് ഇന്ത്യയ്ക്ക് എതിരെ കാഴ്ചവെച്ചത്. 

ബോളണ്ടിനെതിരെ എങ്ങനെ സ്കോര്‍ ചെയ്യണം എന്ന് കണ്ടെത്താനായി ഇന്ത്യൻ ടീം പിച്ച് മാപ്പ് തയ്യാറാക്കി വിശകലനം ചെയ്തിരുന്നുവെന്ന് രോഹിത് വെളിപ്പെടുത്തി. എന്നാൽ, ബോളണ്ടിന്‍റെ ബൗളിംഗ് ആംഗിളുകൾ വളരെ മികച്ചതായിരുന്നു. ഇതാണ് അദ്ദേഹത്തെ നേരിടുന്നതിൽ ഏറ്റവും വലിയ വെല്ലുവിളിയായത്. ബാറ്റര്‍മാര്‍ക്ക് സ്വതന്ത്രമായി ഷോട്ടുകൾ കളിക്കാനുള്ള അവസരം ബോളണ്ട് നൽകിയില്ല. ഫുൾ ലെംഗ്ത് പന്തുകളും അദ്ദേഹത്തിൽ നിന്ന് ലഭിച്ചില്ല. റണ്ണപ്പിലെ പ്രത്യേകതയും ബോളണ്ടിനെ നേരിടുന്നതിൽ വെല്ലുവിളിയായെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. 

പരിക്കേറ്റ ഹേസൽവുഡിന് പകരക്കാരനായാണ് സ്കോട്ട് ബോളണ്ട് ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫിയിലെ ഓസ്ട്രേലിയൻ ടീമിലെത്തിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകളാണ് ബോളണ്ട് സ്വന്തമാക്കിയത്. പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ മൂന്നാമത്തെ താരവും ബോളണ്ടായിരുന്നു. ബോളണ്ടിനെ നേരിടാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയ മറ്റൊരു ഇന്ത്യൻ താരം വിരാട് കോഹ്ലിയാണ്. 5 ഇന്നിംഗ്സുകളിൽ 4 തവണയാണ് കോലിയെ ബോളണ്ട് പുറത്താക്കിയത്. 32-ാം വയസിലാണ് ബോളണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. 13 മത്സരങ്ങളിൽ നിന്ന് 56 വിക്കറ്റുകൾ സ്വന്തമാക്കാൻ ബോളണ്ടിന് കഴിഞ്ഞിട്ടുണ്ട്. 

READ MORE: അടിച്ചുതകര്‍ക്കാൻ 'ട്രാവിഷേക്' സഖ്യം, പിടിച്ചുകെട്ടാൻ ബുമ്രയും ടീമും; വാങ്കഡെയിൽ ഇന്ന് ആവേശപ്പോരാട്ടം