ഫൈനലില്‍ ഒരേയൊരു ടെസ്റ്റ് മാത്രമേ കളിക്കേണ്ടതുള്ളൂ എന്നതിനാലും ഹാര്‍ദ്ദിക് ടീമിലുണ്ടെങ്കില്‍ ടീമിന്‍റെ സന്തുലനം ഉറപ്പാക്കാന്‍ കഴിയുമെന്നതുകൊണ്ടുമാണ് ഇന്ത്യ ടീം മാനേജ്മെന്‍റ് ഫൈനലില്‍ കളിക്കാന്‍ ആവശ്യപ്പെട്ടത്.
ഓവല്‍: ഓള്‍ റൗണ്ടര്‍ ഹാദ്ദിക് പാണ്ഡ്യയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഹാര്‍ദ്ദിക് ഇത് നിരസിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഫൈനലിന്‍റെ ആദ്യ ദിനം കമന്‍ററിക്കിടെ മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എവിടെ എന്ന് ചോദിച്ചപ്പോഴായിരുന്നു പോണ്ടിംഗിന്‍റെ വെളിപ്പെടുത്തല്‍.
ഫൈനലില്‍ ഒരേയൊരു ടെസ്റ്റ് മാത്രമേ കളിക്കേണ്ടതുള്ളൂ എന്നതിനാലും ഹാര്‍ദ്ദിക് ടീമിലുണ്ടെങ്കില്‍ ടീമിന്‍റെ സന്തുലനം ഉറപ്പാക്കാന്‍ കഴിയുമെന്നതുകൊണ്ടുമാണ് ഇന്ത്യ ടീം മാനേജ്മെന്‍റ് ഫൈനലില്‍ കളിക്കാന്‍ ആവശ്യപ്പെട്ടത്. ഓസ്ട്രേലിയക്ക് കാമറൂണ്‍ ഗ്രീന്‍ ടീമിലുള്ളത് പോലെ ഹാര്‍ദ്ദിക് ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യക്കും ഗുണകരമായാനെ. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള കായികക്ഷമത ഇപ്പോഴും തനിക്കില്ലെന്ന് വ്യക്തമാക്കിയ ഹാര്‍ദ്ദിക് ഫൈനലില്‍ മാത്രം കളിക്കുന്നത് മറ്റ് കളിക്കാരോട് ചെയ്യുന്ന നീതികേടാണെന്നും വ്യക്തമാക്കിയാണ് പിന്‍മാറിയതെന്ന് പോണ്ടിംഗ് പറഞ്ഞു.
അശ്വിനും ജഡേജയും അക്സറും ടീമിലുണ്ടെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മാത്രമാണ് ഇവരെ ഓള്‍ റൗണ്ടര്‍മാരായി പരിഗണിക്കാനാവുന്നത്. എന്നാല്‍ ഹാര്‍ദ്ദിക് ടീമിലുണ്ടായിരുന്നെങ്കില്‍ അത് ഇന്ത്യന്‍ ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതാവുമായിരുന്നില്ല. ഷാര്‍ദ്ദുല്‍ താക്കൂര്‍ പേസ് ഓള്‍ റൗണ്ടറായി ടീമിലുണ്ടെങ്കിലും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ എത്രമാത്രം തിളങ്ങാനാവുമെന്ന് ഉറപ്പിക്കാനാവില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ ടീം മാനേജെമ്ന്‍റ് ഹാര്‍ദ്ദിക്കിനോട് ഫൈനലില്‍ മാത്രം കളിക്കാന്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ടീമിനായി കളിക്കുന്ന ഏതെങ്കിലും ഒരു കളിക്കാരനെ മാറ്റി പകരം ഫൈനലില്‍ മാത്രം കളിക്കുന്നത് ആ കളിക്കാരനോട് ചെയ്യുന്ന നീതികേടാവുമെന്ന് ചൂണ്ടിക്കാട്ടി ഹാര്‍ദ്ദിക് പിന്‍മാറുകയായിരുന്നുവെന്നും പോണ്ടിംഗ് വ്യക്തമാക്കി.
സ്മിത്തും ഹെഡും ഗ്രീനും വീണു, ആദ്യ സെഷനില്‍ തിരിച്ചടിയുമായി ഇന്ത്യ; 400 കടന്ന് ഓസീസ്
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനായി താന്‍ 10 ശതമാനം പോയിട്ട് ഒരു ശതമാനം പോലും സംഭാവന ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഫൈനലില്‍ മാത്രമായി കളിക്കുന്നത് ശരിയല്ലെന്നും ഈ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കിടെ കണ്ടപ്പോള്‍ ഹാര്‍ദ്ദിക് തന്നോട് പറഞ്ഞുവെന്നും പോണ്ടിംഗ് പറഞ്ഞു. ടെസ്റ്റില്‍ വീണ്ടു കളിക്കണമെങ്കില്‍ അത് താന്‍ നേടിയെടുക്കുന്ന സ്ഥാനമാവണമെന്നും അല്ലാതെ ടീമിലെത്താന്‍ ആഗ്രഹമില്ലെന്നും ഹാര്‍ദ്ദിക് വ്യക്തമാക്കിയതായി പോണ്ടിംഗ് പറഞ്ഞു. 2018ലാണ് ഹാര്‍ദ്ദിക് ഇന്ത്യക്കായി അവസാനമായി ടെസ്റ്റ് കളിച്ചത്. പിന്നീട് പരിക്കേറ്റ ഹാര്‍ദ്ദിക് തിരിച്ചുവന്നശേഷം ഏകദിനത്തിലും ടി20യിലും മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്.
