ആഷസിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് പരിശീലകനായിരുന്ന ക്രിസ് സില്‍വര്‍വുഡും ബാറ്റിംഗ് മെന്‍റര്‍ ഗ്രഹാം തോര്‍പ്പും മാനേജിംഗ് ഡയറക്ടര്‍ ആഷ്‌ലി ജൈല്‍സും ക്യാപ്റ്റന്‍ ജോ റൂട്ടുമെല്ലാം സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് പുതിയ പരിശീലകനായി ചുമതലയേറ്റെടുക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് എന്നെ ക്ഷണിച്ചത്.

ലണ്ടന്‍: ഇംഗ്ലണ്ട് പരിശീലകനാവാന്‍ തന്നെ ക്ഷണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. കഴിഞ്ഞ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് 0-4ന് ഓസ്ട്രേലിയയോട് തോറ്റശേഷമാണ് ഇംഗ്ലണ്ടിന്‍റെ പരിശീലക സഥാനം വാഗ്ദാനം ചെയ്ത് ക്രിക്കറ്റ് ബോര്‍ഡ് സമീപിച്ചതെന്ന് പോണ്ടിംഗ് പറഞ്ഞു.

ആഷസിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് പരിശീലകനായിരുന്ന ക്രിസ് സില്‍വര്‍വുഡും ബാറ്റിംഗ് മെന്‍റര്‍ ഗ്രഹാം തോര്‍പ്പും മാനേജിംഗ് ഡയറക്ടര്‍ ആഷ്‌ലി ജൈല്‍സും ക്യാപ്റ്റന്‍ ജോ റൂട്ടുമെല്ലാം സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് പുതിയ പരിശീലകനായി ചുമതലയേറ്റെടുക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് എന്നെ ക്ഷണിച്ചത്. റോബ് കീയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടറായി പിന്നീട് ചുമതലയേറ്റത്. അതിന് അടുത്ത മാസം ന്യൂസിലന്‍ഡ് മുന്‍ താരം ബ്രണ്ടന്‍ മക്കല്ലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകനായി നിയമിച്ചു.

എന്നാല്‍ അതിന് മുമ്പ് റോബ് കീ എന്നോട് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പരിശീലകനാവാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ പൂര്‍ണ സമയ പരിശീലക ജോലി ഏറ്റെടുക്കാന്‍ താനപ്പോള്‍ തയാറായിരുന്നില്ലെന്നും കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായാണ് ആ ഓഫര്‍ നിരസിച്ചതെന്നും പോണ്ടിംഗ് ഗറില്ല ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ലക്ഷ്യം ഏകദിന ലോകകപ്പ് ; ചേതന്‍ ശര്‍മയുടെ പകരക്കാരനെ കണ്ടെത്താന്‍ അപേക്ഷ ക്ഷണിച്ച് ബിസിസിഐ

കളിക്കുന്ന കാലത്ത് കുടുംബവും കുട്ടികളുമൊത്ത് ഒരുപാട് യാത്രകള്‍ ചെയ്യേണ്ടിവന്നു. ഇനിയും അത് തുടരാനാവില്ല എന്നതിനാലാണ് ആ ഓഫര്‍ വേണ്ടെന്ന് വെച്ചത്. ഞാനിപ്പോള്‍ മക്കല്ലത്തോട് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കുടുംബം ഇന്ന് എത്തുകയെ ഉള്ളു. സ്കൂളില്‍ പഠിക്കുന്ന കുട്ടകിളായിരിക്കുമ്പോള്‍ അവരെക്കൊണ്ട് തുടര്‍ച്ചയായി യാത്രകള്‍ ചെയ്യുക എന്നത് ബുദ്ധിമുട്ടാണ്. അതിനാലാണ് പൂര്‍ണസമയ പരിശീലകനാവാനില്ലെന്ന് പറഞ്ഞതെന്നും പോണ്ടിംഗ് പറഞ്ഞു.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പരിശീലകനാണ് പോണ്ടിംഗ് ഇപ്പോള്‍. ഐപിഎല്‍ കഴിഞ്ഞാല്‍ കമന്‍ററിയിലാണ് മുന്‍ ഓസീസ് നായകന്‍ ഇപ്പോള്‍ തിളങ്ങുന്നത്.