ഐപിഎല്ലിനിടെ ചിലരോടൊക്കെ ഇന്ത്യന്‍ പരിശീലകനാവാനുള്ള താല്‍പര്യം ഞാന്‍ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ആ സ്ഥാനത്തിരിക്കുന്നതിന്‍റെ സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി അവരെല്ലാം എന്നെ നിരുത്സാഹപ്പെടുത്തകയാണ് ചെയ്തത്.

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ(Team India) പരിശീലകനാവാന്‍ ഒരുഘട്ടത്തില്‍ തനിക്കും താല്‍പര്യമുണ്ടായിരുന്നുവെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്(Ricky Ponting). ഐപിഎല്ലിനിടെ(IPL 2021) പലരുമായും താന്‍ ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ഇന്ത്യന്‍ പരിശീലകനായിരിക്കുന്നതിന്‍റെ സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി അവരെല്ലാം തന്നെ നിരുത്സാഹപ്പെടുത്തിയെന്നും പോണ്ടിംഗ് പറഞ്ഞു.

ഐപിഎല്ലിനിടെ ചിലരോടൊക്കെ ഇന്ത്യന്‍ പരിശീലകനാവാനുള്ള താല്‍പര്യം ഞാന്‍ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ആ സ്ഥാനത്തിരിക്കുന്നതിന്‍റെ സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി അവരെല്ലാം എന്നെ നിരുത്സാഹപ്പെടുത്തകയാണ് ചെയ്തത്. പിന്നീട് ഞാനും ആ ആഗ്രഹം ഉപേക്ഷിച്ചു. കാരണം ഇന്ത്യന്‍ പരിശീലകനായാല്‍ കുടുംബത്തെവിട്ട് എനിക്ക് മുഴുവന്‍ സമയവും ടീമിനൊപ്പം തുടരാനാവില്ല. അതുമാത്രമല്ല, ഇന്ത്യന്‍ പരിശീലകനായാല്‍ പിന്നെ എനിക്ക് ഐപിഎല്ലിലും എനിക്ക് പരിശീലകനാവാന്‍ പറ്റില്ല. അതുപോലെ ചാനല്‍ 7ലും എനിക്ക് ജോലി ചെയ്യാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ ആ ആഗ്രഹം ഞാന്‍ ഉപേക്ഷിച്ചു.

രാഹുല്‍ പരിശീലകസ്ഥാനം ഏറ്റെടുത്തതില്‍ അത്ഭുതം

എന്നാല്‍ രാഹുല്‍ ദ്രാവിഡ്(Rahul Dravid) ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുത്തതില്‍ അത്ഭുമുണ്ടെന്നും പോണ്ടിംഗ് പറഞ്ഞു. ദ്രാവിഡ് പരിശീലകനായത് സന്തോഷമാണ്. പക്ഷെ അണ്ടര്‍ 19 ടീമിന്‍റെ പരിശീലകനെന്ന നിലയില്‍ തന്നെ ദ്രാവിഡ് വളരെയേറെ സന്തുഷ്ടനായിരുന്നു. അദ്ദേഹത്തിനും കുടുംബമുണ്ട്. അദ്ദേഹത്തിന്‍റെ കുടുംബജീവിതം ഇനി എന്താവുമെന്ന് എനിക്ക് അറിയില്ല. ചെറിയ കുട്ടികളാണ് അദ്ദേഹത്തിനെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം പരിശീലക പദവി ഏറ്റെടുത്തത് കണ്ടപ്പോള്‍ എനിക്കാദ്യം ആശ്ചര്യം തോന്നി. പക്ഷെ അദ്ദേഹത്തെ തെരഞ്ഞെടുത്തവര്‍ എന്തായാലും ശരിയായ ആളെ തന്നെയാണ് തെര‍ഞ്ഞെടുത്തതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്-പോണ്ടിംഗ് പറഞ്ഞു.

ഇന്ത്യന്‍ പരിശീലക പദവി ഏറ്റെടുക്കാന്‍ ദ്രാവിഡിന് ആദ്യം പൂര്‍ണസമ്മതമില്ലായിരുന്നു. കുടുംബത്തെയും ബാംഗ്ലൂരും വിട്ട് പോവേണ്ടിവരുമെന്നതിനാലായിരുന്നു അത്. എന്നാല്‍ ദ്രാവിഡുമായി സംസാരിച്ച ബിസിസിഐ പ്രസിഡന്‍റും സഹതാരവുമായിരുന്ന സൗരവ് ഗാംഗുലിയും ബിസിസിഐ സെക്രട്ടറി ജയ് ഷായും അദ്ദേഹം പരിശീലകനാവേണ്ടതിന്‍റെ അവശ്യകത ബോധ്യപ്പെടുത്തുകയും ചുമതല ഏല്‍പ്പിക്കുകയുമായിരുന്നു.

പരിശീലകനായി ചുമതലയേറ്റെടുത്ത ആദ്യ മത്സരത്തില്‍ തന്നെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയത്തുടക്കമിടാനും ദ്രാവിഡിനായി.