ഔട്ടായി ഡക്കറ്റ് ഡ്രസ്സിംഗ് റൂമിലേക്ക് നടക്കുമ്പോള്‍ പിന്നാലെയെത്തിയ ആകാശ് ദീപ് ഡക്കറ്റിനൊപ്പം തോളില്‍ കൈയിട്ട് നടന്ന് ചിരിച്ചുകൊണ്ട് സംസാരിച്ചാണ് യാത്രയാക്കിയത്.
ഓവല്‍: അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കിയശേഷം തോളില്‍ കൈയിട്ട് യാത്രയാക്കിയ ഇന്ത്യൻ പേസര്‍ ആകാശ് ദീപിന്‍റെ പെരുമാറ്റത്തെ വിമര്‍ശിച്ച് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഓപ്പണിംഗ് വിക്കറ്റില്‍ തകര്‍ത്തടിച്ച ബെന്‍ ഡക്കറ്റും സാക് ക്രോളിയും ചേര്‍ന്ന് ഇംഗ്ലണ്ടിന് വെടിക്കെട്ട് തുടക്കം നല്‍കിയിരുന്നു. ആകാശ് ദീപിനെതിരെ റിവേഴ്സ് സ്കൂപ്പില്‍ സിക്സ് പറത്തിയ ഡക്കറ്റ് ഒരോവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ നേടുകയും ചെയ്തിരുന്നു. ക്രോളിക്കൊപ്പം 12.5 ഓവറില്‍ 92 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് ഡക്കറ്റ് പുറത്തായത്. ആകാശ് ദീപിന്‍റെ പന്തില്‍ വീണ്ടും റിവേഴ്സ് സ്കൂപ്പിന് ശ്രമിച്ച ഡക്കറ്റിനെ വിക്കറ്റിന് പിന്നില്‍ ധ്രുവ് ജുറെല്‍ കൈയിലൊതുക്കുകയായിരുന്നു.
ഔട്ടായി ഡക്കറ്റ് ഡ്രസ്സിംഗ് റൂമിലേക്ക് നടക്കുമ്പോള്‍ പിന്നാലെയെത്തിയ ആകാശ് ദീപ് ഡക്കറ്റിനൊപ്പം തോളില്‍ കൈയിട്ട് നടന്ന് ചിരിച്ചുകൊണ്ട് സംസാരിച്ചാണ് യാത്രയാക്കിയത്. ആകാശ് ദീപിന്‍റെ അസാധാരണ പെരുമാറ്റം ഇഷ്ടപ്പെട്ടില്ലെങ്കിലും കാര്യമായി പ്രതികരിക്കാതെ ഡക്കറ്റ് നടന്നുപോയി. എന്നാല്‍ ആകാശ് ദീപിന്‍റെ യാത്രയയപ്പിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ നായകൻ റിക്കി പോണ്ടിംഗ് ഇപ്പോള്‍. രണ്ടാം ദിനത്തിലെ ലഞ്ച് ഇടവേളയില്‍ സ്കൈ സ്പോര്‍ട്സില്‍ സംസാരിക്കുമ്പോഴാണ് പോണ്ടിംഗ് ആകാശ് ദീപിന്‍റെ സെന്‍ഡ് ഓഫിനെ വിമര്‍ശിച്ചത്.
അധികം ബാറ്റര്‍മാരൊന്നും ഇന്നത്തെക്കാലത്ത് ഈ യാത്രയപ്പ് അംഗീകരിക്കുമെന്ന് തോന്നുന്നില്ല, ഒരു പക്ഷെ നിങ്ങളായിരുന്നു ഡക്കറ്റിന്‍റെ സ്ഥാനത്തെങ്കില്‍ ഒരു പക്ഷെ നല്ല ഇടി കൊടുക്കുമായിരുന്നല്ലെ എന്ന് സ്കൈ സ്പോര്‍ട്സ് അവതാരകന്‍ ഇയാന്‍ വാര്‍ഡ് ചോദിച്ചപ്പോഴാണ് തീര്‍ച്ചയായും കൊടുക്കുമെന്നായിരുന്നു പോണ്ടിംഗിന്‍റെ മറുപടി.
അവര്‍ രണ്ടുപേരും തോളില്‍ കൈയിട്ട് നടക്കുന്നത് കണ്ടപ്പോള്‍ ഞാനാദ്യം കരുതിയത് അവര്‍ രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണെന്നോ ഒരുമിച്ച് ഒരേ ടീമില്‍ കളിച്ചവരാണെന്നോ എന്നൊക്കെയാണ്. അങ്ങനെ കാണാനായിരുന്നു എനിക്കിഷ്ടം. കാരണം ടെസ്റ്റ് ക്രിക്കറ്റില്‍ പോയിട്ട്, ഒരു പാര്‍ക്കില്‍ കളിക്കുന്ന ലോക്കല്‍ കളിയില്‍ പോലും ഒരു ബൗളര്‍ ബാറ്റര്‍ക്ക് ഇതുപോലെ സെന്‍ഡ് ഓഫ് കൊടുക്കുന്നത് കാണാനാവില്ല. എന്നാല്‍ യാഥാർത്ഥത്തില്‍ ആകാശ് ദീപ് ഡക്കറ്റിനെ പ്രകോപിപ്പിക്കുകയായിരുന്നു. അതിനോട് ഡക്കറ്റ് പ്രതികരിച്ച രീതിയും എനിക്കിഷ്ടപ്പെട്ടു. ബെന്‍ ഡക്കറ്റിന്‍റെ കളി എനിക്കിഷ്ടമാണ്, ഈ സംഭവത്തില്‍ അവന്‍ പ്രതികരിച്ച രീതി കണ്ടപ്പോള്‍ ആ ഇഷ്ടം ഒന്നുകൂടി കൂടിയിട്ടേയുള്ളുവെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.


