ലണ്ടന്‍: ഓസ്ട്രേലിയന്‍ നായകനായിരുന്ന റിക്കി പോണ്ടിംഗിനെ കരിയറിന്റെ പ്രതാപകാലത്തുപോലും വട്ടംകറക്കിയ ഒരുപാട് ബൌളര്‍മാരുണ്ട്. ഇന്ത്യയുടെ ഇഷാന്ത് ശര്‍മയും ഹര്‍ഭജന്‍ സിംഗുമെല്ലാം പോണ്ടിംഗിനെ മുള്‍മനയില്‍ നിര്‍ത്തിയിട്ടുള്ളവരാണ്. എന്നാല്‍ താന്‍ കരിയറില്‍ നേരിട്ട ഏറ്റവും മികച്ച ഓവര്‍ ഇവരുടേതൊന്നുമല്ലെന്ന് വ്യക്തമാക്കുകയാണ് പോണ്ടിംഗ്.

ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പങ്കുവെച്ച വീഡിയോക്ക് താഴെയാണ് പോണ്ടിംഗ് താന്‍ നേരിട്ടതില്‍ ഏറ്റവും മികച്ച ഓവറായിരുന്നു അതെന്ന് മറുപടി നല്‍കിയത്. 2005ലെ ആഷസ് പരമ്പരയില്‍ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആന്‍ഡ്ര്യു ഫ്ലിന്റോഫ് എറിഞ്ഞ ഓവറായിരുന്നു അത്. ആ ഓവറിലെ ആദ്യ മൂന്ന് പന്തുകള്‍ പോണ്ടിംഗ് അതിജീവിച്ചുവെങ്കിലും അഞ്ചാം പന്തില്‍ ഫ്ലിന്റോഫിന്റെ ഔട്ട് സ്വിംഗറില്‍ പോണ്ടിംഗ് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി.

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസീസ് ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റില്‍ 282 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും ആവേശപ്പോരാട്ടത്തിനൊടുവില്‍ രണ്ട് റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചു. പോണ്ടിംഗിന്റേതുള്‍പ്പെടെ നാലു വിക്കറ്റ് വീഴ്ത്തിയ ഫ്ലിന്റോഫായിരുന്നു ഓസീസിനെ എറിഞ്ഞിട്ടത്.