ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ ഋഷഭ് പന്തിനെ മൂന്നാം മത്സരത്തിലും കളിപ്പിക്കാനുള്ള ക്യാപ്റ്റന്‍ വിരാട് കോലിയുടെ തീരുമാനം പിഴച്ചില്ല. ആദ്യ രണ്ട് കളികളിലും തുടക്കത്തിലെ കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായ ഋഷഭ് പന്ത് മൂന്നാം മത്സരത്തില്‍ കരുതലോടെ തുടങ്ങി അവസാനം അടിച്ചുതകര്‍ക്കുകയായിരുന്നു.  

42 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്ന ഋഷഭ് പന്ത് ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന നേട്ടവും ഇന്നലെ വിന്‍ഡീസിനെതിരെ സ്വന്തമാക്കി. 2017ല്‍ ബംഗലൂരുവില്‍ ദക്ഷിണാഫ്രിക്കക്കെതിരെ എം എസ് ധോണി നേടിയ 56 റണ്‍സായിരുന്നു ഇതിന് മുമ്പ് ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

സെഞ്ചൂറിയനില്‍ ധോണി നേടിയ 52 റണ്‍സ് ആണ് പട്ടികയില്‍ മൂന്നാമത്. വിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമൊത്ത് 106 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ഋഷഭ് പന്ത് കരകയറ്റി. മൂന്നാം ജയത്തോടെ വിന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി. ആദ്യ രണ്ട് ടി20യില്‍ 0, 04 എന്നിങ്ങനെയായിരുന്നു ഋഷഭ് പന്തിന്റെ സ്കോര്‍.