ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷെപ്പോ മൊറേക്കിയുടെ പന്ത് കൈയില്‍ കൊണ്ടാണ് റിഷഭ് പന്തിന് പരിക്കേറ്റത്. റിഷഭ് പന്തിന്‍റെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല.
ബെംഗളൂരു: ദക്ഷിണാഫ്രിക്ക എക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിലും ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 78-3 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെന്ന നിലയിലാണ്. 16 റണ്‍സോടെ ധ്രുവ് ജുറെലും 13 റണ്‍സോടെ ഹര്‍ഷ് ദുബെയും ക്രീസില്‍. കെ എല്‍ രാഹുലിന്‍റെയും കുല്‍ദീപ് യാദവിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് മൂന്നാം ദിനം നഷ്ടമായത്. 27 റണ്‍സെടുത്ത രാഹുലിനെ ഒഖുലെ സിലെ ബൗള്‍ഡാക്കിയപ്പോള്‍ 16 റണ്‍സെടുത്ത കുല്‍ദീപിനെ സുബ്രായന്‍ മടക്കി. 17 റണ്‍സെടുത്ത ക്യാപ്റ്റൻ റിഷഭ് പന്ത് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായതും ഇന്ത്യക്ക് തിരിച്ചടിയായി. അഞ്ച് വിക്കറ്റ് ശേഷക്കെ ഇന്ത്യക്കിപ്പോള്‍ 177 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.
ആശങ്കയായി റിഷഭ് പന്തിന്‍റെ പരിക്ക്
ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷെപ്പോ മൊറേക്കിയുടെ പന്ത് കൈയില്‍ കൊണ്ടാണ് റിഷഭ് പന്തിന് പരിക്കേറ്റത്. റിഷഭ് പന്തിന്‍റെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ക്രിസ് വോക്സിന്‍റെ പന്ത് കാല്‍പ്പാദത്തില്‍ കൊണ്ട് പരിക്കേറ്റ റിഷഭ് പന്ത് മൂന്ന് മാസത്തെ ഇടവേളക്കുശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് വീണ്ടും പരിക്കേറ്റത്. അടുത്ത ആഴ്ച തുടങ്ങുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കൂടിയാണ് റിഷഭ് പന്ത്.
ദക്ഷിണാഫ്രിക്ക എക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ 113 പന്തില്‍ 91 റണ്‍സെടുത്ത റിഷഭ് പന്ത് ഇന്ത്യൻ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു .പന്തിന് പരിക്കുമൂലം കളിക്കാനാവാതെ വന്നാല്‍ ധ്രുവ് ജുറെല്‍ ദക്ഷിണാഫ്രിക്കക്കെതിരെ വിക്കറ്റ് കീപ്പറായി കളിക്കുമെന്നാണ് കരുതുന്നത്. ദക്ഷിണാഫ്രിക്ക എക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ അപരാജിത സെഞ്ചുറി നേടിയ ജുറെല്‍ മികച്ച ഫോമിലാണ്.
നേരത്തെ രണ്ടാം ദിനം ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 255 റണ്‍സിന് മറുപടിയായി ദക്ഷിണാഫ്രിക്ക എ 221 റണ്‍സിന് ഓൾ ഔട്ടാവുകയായിരുന്നു. ക്യാപ്റ്റൻ മാര്‍ക്വസ് അക്കര്‍മാന്‍റെ(118 പന്തില്‍ 134) വെടിക്കെട്ട് സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്ക എക്ക് കരുത്തായത്.


