മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ യുവതാരം ഋഷഭ് പന്തിന് പകരം സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ വൃദ്ധിമാന്‍ സാഹയെ ടീം ഇന്ത്യ കളിപ്പിക്കാന്‍ സാധ്യത. ഇന്ത്യന്‍ ടീമിനോട് അടുത്ത വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിശാഖപട്ടണത്ത് ഒക്‌ടോബര്‍ രണ്ടിനാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

പന്തിനെതിരെ പടയൊരുക്കം ശക്തം 

'ഋഷഭ് പന്തിന് അവസാന അവസരം നല്‍കാന്‍ സെലക്‌ടര്‍മാര്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ പരിശീലകന്‍ രവി ശാസ്‌ത്രിയും നായകന്‍ വിരാട് കോലിയും അടങ്ങുന്ന ടീം മാനേജ്‌മെന്‍റിന്‍റെ നിലപാട് സാഹയെ കളിപ്പിക്കണം എന്നാണ്. ബാറ്റിംഗില്‍ തിളങ്ങാനാവാത്തത് പന്തിന്‍റെ വിക്കറ്റ് കീപ്പിംഗിനെയും ബാധിക്കുന്നുണ്ട്. പന്തിന്‍റെ ഡിആര്‍‌എസ് റിവ്യൂകള്‍ മികച്ചതല്ല. ഇന്ത്യയിലെ ടേണിംഗ് വിക്കറ്റുകളില്‍ പന്തിന് പിഴയ്‌ക്കുന്നു. പന്തിനെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ സാഹയാണ്. ലോവര്‍- ഓഡറില്‍ കുറച്ച് റണ്‍സ് കണ്ടെത്താനും സാഹയ്‌ക്കാകും'- ബിസിസിഐ ഉന്നതന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കുന്നത് 21കാരനായ പന്തിന് കനത്ത തിരിച്ചടിയായിരിക്കുമെന്ന് പേരുവെളിപ്പെടുത്താത്ത ബിസിസിഐ ഉന്നതന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വ്യക്തമാക്കിയിരുന്നു. പന്തിനെ പിന്തുണയ്‌ക്കുന്ന നിലപാടാണ് മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദിനുള്ളത്. പന്തിന്‍റെ പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രദ്ധയൂന്നുന്നതായി ലോകകപ്പിന് പിന്നാലെ പ്രസാദ് വ്യക്തമാക്കിയിരുന്നു. പന്തിന്‍റെ മികച്ച പ്രകടനം കാണുന്നതിനായി കാത്തിരിക്കാനും മുഖ്യ സെലക്‌ടര്‍ ആവശ്യപ്പെട്ടു.

പന്തിന് പാരയായി ടി20യിലെ ഫോമില്ലായ്‌മ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മോശം ഫോമാണ് ഋഷഭ് പന്തിനെ കനത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. നാല്, 19 എന്നിങ്ങനെയായിരുന്നു പരമ്പരയില്‍ പന്തിന്‍റെ സ്‌കോര്‍. മലയാളി താരം സഞ്‌ജു സാംസണിന്‍റെ പേര് പകരക്കാരുടെ നിരയിലേക്കുയര്‍ന്നു. എന്നാല്‍ പന്തിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം മുന്‍ താരം യുവ്‌രാജ് സിംഗ് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി. വെറ്ററന്‍ താരം എം എസ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിശ്രമമെടുത്തതോടെയാണ് പന്ത് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായത്.