ആവശ്യമെങ്കില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കാന്‍ പന്ത് മതിയെന്ന് രാഹുല്‍ പറഞ്ഞു.
റാഞ്ചി: നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം റാഞ്ചിയിലാണ്. ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റ സാഹചര്യത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പരമ്പരയില്‍ കളിക്കുന്നില്ല. റിഷഭ് പന്ത് ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. പ്ലേയിംഗ് ഇലവനെ കുറിച്ചും ഇപ്പോഴും അറിവായിട്ടില്ല. ക്യാപ്റ്റന്‍ തന്നെയോ, അതോ റിഷഭ് പന്താണോ വിക്കറ്റ് കീപ്പറെന്നുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ഇപ്പോള്‍ ടീം ഇലവനെ കുറിച്ചും വിക്കറ്റ് കീപ്പിംഗിനെ കുറിച്ചും സംസാരിക്കുകയാണ് ക്യാപ്റ്റന്‍. ആവശ്യമെങ്കില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കാന്‍ പന്ത് മതിയെന്ന് രാഹുല്‍ പറഞ്ഞു. രാഹുലിന്റെ വാക്കുകള്‍... ''പരിക്കിനെ തുടര്‍ന്നാണ് പന്ത് ടീമില്‍ നിന്ന് പുറത്തായത് എന്നത് വ്യക്തമാണ്. വളരെക്കാലമായി ടീമിനൊപ്പം ഉള്ള ഒരാളാണ് അദ്ദേഹം. പന്തെ എന്തെല്ലാം നല്‍കിയിട്ടുണ്ടെന്നും ടീമിനായി അദ്ദേഹത്തിന് എന്തുചെയ്യാന്‍ കഴിയുമെന്നും നമുക്കെല്ലാവര്‍ക്കും അറിയാം. ആരാണ് കളിക്കേണ്ടതെന്ന് നാളെ നിങ്ങള്‍ക്ക് മനസ്സിലാകും. വിക്കറ്റിന് പിന്നില്‍ ഞാനാണോ പന്താണോ എന്ന് നാളെ അറിയാം. ബാറ്ററായി കളിക്കാനും അദ്ദേഹം മിടുക്കനാണ്. പക്ഷേ അദ്ദേഹം പതിനൊന്നില്‍ ഉള്‍പ്പെട്ടാല്‍, തീര്‍ച്ചയായും അദ്ദേഹം ഗ്ലൗസ് എടുക്കും, ഞാന്‍ ഫീല്‍ഡില്‍ ഉണ്ടാകും. ടീമില്‍ ഇതിനകം തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങള്‍, ചിലപ്പോള്‍ നിങ്ങള്‍ അവസരത്തിനായി കാത്തിരിക്കേണ്ടിവരും.'' രാഹുല്‍ പറഞ്ഞു.
2024 ഓഗസ്റ്റില്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുശേഷം 28 കാരനായ പന്ത് 50 ഓവര്‍ ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്ന രാഹുല്‍ എല്ലാ ഓപ്ഷനുകളും തുറന്നിട്ടിരിക്കുകയാണ്. അതേസമയം, പന്ത് കളിക്കുമോ എന്നുള്ള കാര്യവും ഉറപ്പായിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ സാധ്യതാ ഇലവന്‍ അറിയാം.
ഇന്ത്യ: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്.



