റിഷഭ് പന്തിന്റെ തിരിച്ചുവരവ് ടീം സെലക്ഷനിൽ മാറ്റങ്ങൾ വരുത്തിയേക്കാം, ഫോമിലുള്ള ധ്രുവ് ജുറലിനെ ഉൾപ്പെടുത്താൻ സാധ്യത ഏറെ. 

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുകയാണ് ഇന്ത്യ. 14ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര ജയിച്ച ഇന്ത്യ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കുതിപ്പ് തുടരാന്‍ ശ്രമിക്കുക. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ പാകിസ്ഥാനെ അവരുടെ നാട്ടില്‍ 1-1 സമനിലയില്‍ തളച്ചാണ് ഇന്ത്യയിലെത്തിയത്. പരമ്പര ജയിച്ചാല്‍ ഇന്ത്യക്ക് ലോക ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും മുന്നേറ്റം നടത്തും. നിലവില്‍ ഓസ്‌ട്രേലിയക്കും ശ്രീലങ്കയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

വിന്‍ഡീസിനെതിരെ കളിച്ച ടീമില്‍ നിന്ന് ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയിരുന്നു. റിഷഭ് പന്ത് ടീമില്‍ തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് ശേഷം അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ആദ്യ ടെസ്റ്റിലേക്ക് കടക്കുമ്പോള്‍ ഇന്ത്യയ്ക്ക് ചില സെലക്ഷന്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. പന്ത് തിരിച്ചെത്തിയതോടെ, ധ്രുവ് ജൂറലിന് സ്ഥാനം ഉറപ്പില്ലാതായി. പക്ഷേ, ജുറല്‍ തകര്‍പ്പന്‍ ഫോമിലുമാണ്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യ എയ്ക്കായി അദ്ദേഹം രണ്ട് സെഞ്ചുറികള്‍ നേടിയിരുന്നു. അതും ടീം സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോള്‍.

അതുകൊണ്ട് തന്നെ ടീം മാനേജ്‌മെന്റിന് അദ്ദേഹത്തെ തഴയാന്‍ സാധിക്കില്ല. അങ്ങനെ വരുമ്പോള്‍ ബാറ്റിംഗ് ഓര്‍ഡറില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാം. യശസ്വി ജയ്സ്വാള്‍ - കെ എര്‍ രാഹുല്‍ സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ജുറലിനെ പരിഗണിക്കുക മൂന്നാം നമ്പറിലേക്ക് ആയിരിക്കും. അങ്ങനെ വരുമ്പോള്‍ സായ് സുദര്‍ശന് സ്ഥാനം വിട്ടുനില്‍കേണ്ടി വരും. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ സായ് നിരാശപ്പെടുത്തിയിരുന്നു. നാലാം സ്ഥാനത്ത് ക്യാപ്റ്റന്‍ ശുഭമാന്‍ ഗില്‍.

പിന്നാലെ റിഷഭ് പന്ത് ക്രീസിലെത്തും. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരായിരിക്കും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. എട്ടാമനായി നിതീഷ് കുമാര്‍ റെഡ്ഡി. പേസര്‍മാരായി ജസ്പ്രിത് ബുമ്രയും മുഹമ്മദ് സിറാജും കളിക്കും. ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും ടീമിലെത്തും.

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതയുള്ള ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, ധ്രുവ് ജുറല്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍ / വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.

YouTube video player