ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുന്നതിന്‍റെ ആകാംക്ഷയില്‍ റിഷഭ് പന്ത്, എംസിജിയില്‍ കളിക്കുന്നതിന്‍റെ ആവേശം താരത്തില്‍ പ്രകടനം.
മെല്‍ബണ്‍: ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേരിയ ഭയത്തിലാണെന്ന് വെളിപ്പെടുത്തി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. കഴിഞ്ഞ എഡിഷനില്‍ ഗ്രൂപ്പ് ഘട്ടം കടത്താതിരുന്ന ടീമിന് മേല്‍ കടുത്ത സമ്മര്‍ദമുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് റിഷഭ് പന്തിന്‍റെ വാക്കുകള്‍. ഓസ്‌ട്രേലിയയില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ടി20 ലോകകപ്പ് നടക്കുന്നത്.
ലോകകപ്പ് അരികിലെത്തി നില്‍ക്കേ ടീം ഒന്നാകെ ചെറിയ പരിഭ്രാന്തിയിലാണ്. എന്നാല്‍ ടീമെന്ന നിലയില്‍ കളിയില്‍ ശ്രദ്ധിക്കാനും കഴിവിന്‍റെ 100 ശതമാനം ഫലം നല്‍കാനും ആഗ്രഹിക്കുന്നു. അതാണ് ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏക കാര്യം. ഇക്കുറി ടീം ഫൈനലിലെത്തുമെന്നാണ് പ്രതീക്ഷ. ടീമിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. ഓസ്‌ട്രേലിയയില്‍ ഏറെ ആരാധകരുടെ ആവേശവും പിന്തുണയുണ്ടാകുമെന്ന് ആശിക്കുന്നു. അത് വിജയിക്കാന്‍ ഞങ്ങള്‍ക്ക് കരുത്താകും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് ഗംഭീര വേദിയാണ്. ലോകത്തെ ഐക്കണ്‍ സ്റ്റേഡിയങ്ങളിലൊന്നാണ് എംസിജി. അവിടുത്തെ ഇന്ത്യന്‍ കാണികള്‍ ഗംഭീരമാണ് എന്നും റിഷഭ് പന്ത് വിക്‌ടോറിയ സംസ്ഥാനത്തെ ടൂറിസം ബോര്‍ഡ് സംഘടിപ്പിച്ച പരിപാടിക്കിടെ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് പകരംവീട്ടുക മാത്രമല്ല, 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഐസിസി കിരീടങ്ങളൊന്നും നേടിയിട്ടില്ല എന്ന നാണക്കേടും ടീം ഇന്ത്യക്ക് വരുന്ന ടി20 ലോകകപ്പില്‍ മറികടക്കേണ്ടതുണ്ട്.
2020-21 പര്യടനത്തില്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ചരിത്ര ടെസ്റ്റ് പരമ്പര ജയത്തില്‍ നിര്‍ണായകമായ ഓര്‍മ്മകള്‍ റിഷഭ് പന്ത് പരിപാടിക്കിടെ ഓര്‍ത്തെടുത്തു. എന്‍റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മകളിലൊന്നാണത്. ഇന്ത്യന്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അതൊരു അവിസ്‌മരണീയ ടെസ്റ്റ് മത്സരവും പരമ്പരയുമായിരുന്നു എന്നും റിഷഭ് പന്ത് കൂട്ടിച്ചേര്‍ത്തു. നാല് മത്സരങ്ങളുടെ പരമ്പരയില്‍ സിഡ്‌നിയിലും ഇന്ത്യന്‍ ടീമിന്‍റെ ബാലികേറാമലയായ ഗാബയിലും നടന്ന അവസാന രണ്ട് മത്സരങ്ങളിലും റിഷഭ് ഗംഭീര ഇന്നിംഗ്‌സുകള്‍ കാഴ്‌ചവെച്ചിരുന്നു. ഗാബയിലെ ചരിത്ര ജയത്തോടെ നാല് ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
