ശ്രേയസും രാഹുലും ബാറ്റ് ചെയ്യുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. കാറപകടത്തെ തുടര്‍ന്നുണ്ടായ പരിക്കില്‍ നിന്ന് പന്ത് പൂര്‍ണമായും മോചിതനായിട്ടില്ല.
ബംഗളൂരു: പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുറത്താണ് കെ എല്‍ രാഹുലും ശ്രേയസ് അയ്യരും. ബംഗളൂരു, നാഷണല്‍ ക്രിക്കറ്റ് അക്കാദമയില്‍ പരിചരണത്തിലാണ് ഇരുവരും. ഇതിനിടെ രാഹുല്‍ ഫിറ്റ്‌നെസ് തെളിയിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ദ്രാവിഡ് പറഞ്ഞത്, പരിക്കിനെ തുടര്‍ന്ന് പുറത്തായ താരങ്ങള്‍ക്ക് ഫിറ്റ്‌നെസ് തെളിയിച്ചാല്‍ ഏഷ്യാകപ്പിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുമെന്ന്.
ഇതിനിടെ ശ്രേയസും രാഹുലും ബാറ്റ് ചെയ്യുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. കാറപകടത്തെ തുടര്‍ന്നുണ്ടായ പരിക്കില്‍ നിന്ന് പന്ത് പൂര്‍ണമായും മോചിതനായിട്ടില്ല. അദ്ദേഹവും എന്‍സിഎയില്‍ പരിചരണത്തിലാണ്. ഇതിനിടെയാണ് പന്ത് വീഡിയോ പുറത്തുവിട്ടത്. ശ്രേയസ് ബാറ്റ് ചെയ്യുന്നത് വീഡിയോയില്‍ കാണാം. ശ്രേയസിനൊപ്പം കെ എല്‍ രാഹുലിന്റെ പേരും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലിട്ട വീഡിയോയില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞതിങ്ങനെ.. ''ഈ മാസം 23 മുതല്‍ ബംഗളൂരുവില്‍ പരിശീലന ക്യാംപ് ചേരും. അതിന് ശേഷം മാത്രമെ ഏഷ്യാകപ്പിനുള്ള ടീം പുറത്തുവിടൂ. പരിക്കല്‍ നിന്ന് പൂര്‍ണ മോചിതരാകുന്ന താരങ്ങളെ ടീമിലെത്തിക്കും. എന്നാല്‍ ഫിറ്റ്നെസ് പരിശോധിക്കും. ടീം നേടിരുന്ന വെല്ലുവിളികള്‍ കൃത്യമായി പഠിക്കും. ബൗളിംഗ് - ബാറ്റംഗ് ഡിപ്പാര്‍ട്ട്മെന്റ് ശക്തിപ്പെടുത്തുന്ന തീരുമാനങ്ങള്‍ കൈകൊള്ളും.'' ദ്രാവിഡ് വ്യക്തമാക്കി.
നേരത്തെ, എന്‍സിഎയിലുണ്ടായിരുന്ന ജസ്പ്രീത് ബുമ്രയും പ്രസിദ്ധ് കൃഷ്ണയും ഫിറ്റ്‌നെസ് വീണ്ടെടുത്തിരുന്നു. ഇരുവരും അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും. ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളുടെ കാര്യത്തില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഇപ്പോഴും സസ്പെന്‍സ് നിലനിര്‍ത്തുകയാണ്. രാഹുല്‍ തിരിച്ചെത്തുന്നതോടെ മലയാളി താരം സഞ്ജു സാംസണിന്റെ ഏഷ്യാകപ്പ് സാധ്യതകള്‍ അവസാനിക്കും.

