പഞ്ചാബ് കിംഗ്സ് മുന്‍ നായകന്‍ ആര്‍ അശ്വിനും രാജസ്ഥാന്‍ റോയല്‍സ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഇന്ത്യന്‍ ഓപ്പണറും സീനിയര്‍ താരവുമായ ശിഖര്‍ ധവാനും ടീമിലുണ്ടെങ്കിലും യുവതാരത്തില്‍ ടീം മാനേജ്മെന്‍റ് വിശ്വാസമര്‍പ്പിക്കുകയായിരുന്നു. ഇതാദ്യമായാണ് പന്ത് ഐപിഎല്‍ ടീമിന്‍റെ നായകസ്ഥാനത്ത് എത്തുന്നത്.

ദില്ലി: പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഐപിഎല്‍ പതിനാലാം സീസണില്‍ പുതിയ നായകനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത യുവതാരം റിഷഭ് പന്ത് ആണ് ഇത്തവണ ഐപിഎല്ലില്‍ ഡല്‍ഹിയെ നയിക്കുക.

Scroll to load tweet…

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തോളിന് പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായാല്‍ അയ്യര്‍ക്ക് നാലു മാസമെങ്കിലും വിശ്രമം വേണ്ടിവരും. ഇതിനെത്തുടര്‍ന്നാണ് പുതിയ നായകനെ തെരഞ്ഞെടുക്കാന്‍ ഡല്‍ഹി നിര്‍ബന്ധിതരായത്. കഴിഞ്ഞ സീസണില്‍ ശ്രേയസിന് കീഴില്‍ ഡല്‍ഹി ഫൈനലില്‍ എത്തിയിരുന്നു.

പഞ്ചാബ് കിംഗ്സ് മുന്‍ നായകന്‍ ആര്‍ അശ്വിനും രാജസ്ഥാന്‍ റോയല്‍സ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഇന്ത്യന്‍ ഓപ്പണറും സീനിയര്‍ താരവുമായ ശിഖര്‍ ധവാനും ടീമിലുണ്ടെങ്കിലും യുവതാരത്തില്‍ ടീം മാനേജ്മെന്‍റ് വിശ്വാസമര്‍പ്പിക്കുകയായിരുന്നു. ഇതാദ്യമായാണ് പന്ത് ഐപിഎല്‍ ടീമിന്‍റെ നായകസ്ഥാനത്ത് എത്തുന്നത്.

രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നത് ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ പന്തിനൊപ്പം മത്സരിക്കുന്ന സഞ്ജു സാംസണാണെന്ന പ്രത്യേകതയും ഇത്തവണ ഐപിഎല്ലിനുണ്ട്. ഇരുവരും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍മാരുമാണ്. പഞ്ചാബിന്‍റെ വിക്കറ്റ് കീപ്പര്‍ കൂടിയായ കെ എല്‍ രാഹുലും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ വിക്കറ്റ് കീപ്പര്‍ കൂടിയായ എം എസ് ധോണിയും ചേരുമ്പോള്‍ ഇത്തവണ നാല് വിക്കറ്റ് കീപ്പര്‍മാര്‍ ടീമുകളുടെ നായകസ്ഥാനത്ത് എത്തുന്നു എന്ന അപൂര്‍വതയുമുണ്ട്.