ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ധോണിക്ക് പകരമാവുകയെന്നത് എളുപ്പമല്ല. സ്റ്റംപിന് പിന്നിലും കാര്യങ്ങള്‍ നിയന്ത്രിക്കുന്ന കാര്യത്തിലും അദ്ദേഹമുണ്ടാക്കിയ ഓളം മറ്റേത് ഇന്ത്യന്‍ താരമുണ്ടാക്കുമെന്ന് കണ്ടറിയണം. ധോണിക്ക് പകരക്കാരായി ഇന്ത്യന്‍ ടീം ആരാധകര്‍ നോക്കുന്നത് ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയവരിലേക്കാണ്. അതില്‍ ഈ പട്ടികയില്‍ മുന്നിലാണ് പന്തിന്റെ സ്ഥാനം. വിന്‍ഡീസിലേക്കുള്ള ടീമില്‍ നിന്ന് ധോണി വിട്ടുനിന്നപ്പോള്‍ പന്തിനാണ് നറുക്ക് വീണത്. 

ചെയ്യേണ്ട ജോലിയെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട് പന്തിന്. എന്നാല്‍ ധോണിയുടെ പകരക്കാരനാവുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് പന്ത് പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''ആരാധകരുടെ വാക്കുകള്‍ക്ക് ശ്രദ്ധ കൊടുക്കുന്നില്ല. ഞാന്‍ എന്താണോ ചെയ്യേണ്ടത് അതാണ് ചെയ്യാന്‍ ശ്രമിക്കുന്നത്. ടീമിന് വേണ്ടി ആവുന്നത് പോലെ മികച്ച പ്രകടനം പുറത്തെടുകയാണ് ലക്ഷ്യം. പോരായ്മകള്‍ എങ്ങനെ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 

ഇന്ത്യക്ക് ലോകകപ്പില്‍ വെല്ലുവിളി ഉണ്ടാക്കിയ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ് താല്‍പര്യം. കളിക്കുമ്പോള്‍ പ്രത്യേക ശൈലിയില്ല. സാഹചര്യത്തിന് അനുസരിച്ച് കളിക്കും.'' പന്ത് പറഞ്ഞു നിര്‍ത്തി.