വിശാഖപട്ടണം: റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ശ്രമിക്കാറില്ലെന്ന് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ഋഷഭ് പന്തിന് ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരാനാകുമെന്നും രോഹിത് പറഞ്ഞു. വിശാഖപട്ടണത്തെ ഇന്ത്യന്‍ ജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍.

ടെസ്റ്റ് ഓപ്പണറായുളള അരങ്ങേറ്റത്തിൽ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി. സിക്സറുകളുടെ എണ്ണത്തിൽ ലോക റെക്കോര്‍ഡ്. വിശാഖപട്ടണത്തെ വിസ്‌മയപ്രകടനം പ്രതീക്ഷിച്ചതല്ലെന്ന് രോഹിത് ശര്‍മ്മ പറയുന്നു. 'ടെസ്റ്റിൽ ഓപ്പണ്‍ ചെയ്യണമെന്ന് ക്യാപ്റ്റനും കോച്ചും നേരത്തെ പറഞ്ഞതിനാൽ മാനസികമായി തയ്യാറെടുത്തിരുന്നു. മറ്റുളളവരുടെ അഭിപ്രായപ്രകടനങ്ങള്‍ തന്നെ ബാധിക്കാറില്ല. ദുഷ്‌കരമായ വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ പ്രകടനം മികച്ചതാണ്. എന്നാല്‍ യുവതാരം റിഷഭ് പന്തിന്‍റെ വഴിയടഞ്ഞിട്ടില്ല' എന്നും രോഹിത് ശര്‍മ്മ അഭിപ്രായപ്പെട്ടു.

രോഹിത് ശര്‍മ്മ താരമായപ്പോള്‍ വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 203 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. ടെസ്റ്റ് ഓപ്പണറായി ആദ്യമായി ഇറങ്ങിയ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 176 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 127 റണ്‍സുമാണ് രോഹിത് അടിച്ചുകൂട്ടിയത്. മത്സരത്തിലാകെ 13 സിക്‌സുകളും ഹിറ്റ്‌മാന്‍റെ ബാറ്റില്‍ നിന്ന് പിറന്നു. രോഹിത് ശര്‍മ്മയാണ് വിശാഖപട്ടണം ടെസ്റ്റിലെ മാന്‍ ഓഫ് ദ് മാച്ച്.