പാകിസ്ഥാൻ സൂപ്പർ ലീഗിനിടെ കറാച്ചിയിൽ രണ്ടുതവണ ഡ്രോൺ ആക്രമണം ഉണ്ടായ വിവരം താരങ്ങളിൽ നിന്ന് പാക് ക്രിക്കറ്റ് ബോർഡ് മറച്ചുവെച്ചുവെന്ന് ബംഗ്ലാദേശ് താരം റിഷാദ് ഹൊസൈൻ ആരോപിച്ചു.

ദുബായ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായി ബംഗ്ലാദേശ് താരം റിഷാദ് ഹൊസൈന്‍. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ കറാച്ചിയില്‍ രണ്ടുതവണ ഡ്രോണ്‍ ആക്രമണം ഉണ്ടായ വിവരം താരങ്ങളില്‍ നിന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് മറച്ചുവെച്ചുവെന്ന് റിഷാദ് ആരോപിച്ചു. പിഎസ്എല്ലില്‍ ലാഹോര്‍ ക്വാലന്‍ഡേഴ്സ് ടീം അംഗമാണ് റിഷാദ്. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് പിഎസ്എല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പിസിബിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് റിഷാദ് രംഗത്തെത്തിയത്. 

ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കറാച്ചിയില്‍ മാത്രമായി നടത്താന്‍ നീക്കം നടന്നുവെന്നും റിഷാദ് ആരോപിച്ചു. റിഷാദിന്റെ വാക്കുകള്‍... ''സംഘര്‍ഷത്തിനിടെ താരങ്ങളുടെ ആശങ്കകള്‍ അറിയാന്‍ വേണ്ടി ഒരു യോഗം വിളിച്ചുചേര്‍ത്തിയിരുന്നു. ശേഷിക്കുന്ന മത്സരങ്ങള്‍ ദുബായില്‍ നടത്തണമെന്നായിരുന്നു മിക്ക വിദേശ താരങ്ങളും ആവശ്യപ്പെട്ടത്. എന്നാല്‍ മത്സരങ്ങള്‍ കറാച്ചിയില്‍ നടത്താമെന്ന നിലപാടിലായിരുന്നു പിസിബി. തൊട്ടുമുമ്പുള്ള ദിവസം കറാച്ചിയില്‍ ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. എന്നാല്‍ അക്കാര്യം അധികൃതര്‍ ഞങ്ങളില്‍ നിന്ന് മറച്ചുവെച്ചു. ഞങ്ങളെല്ലാം അത് പിന്നീടാണ് അറിഞ്ഞത്. സംഭവം അറിഞ്ഞതിന് ശേഷം താരങ്ങള്‍ ദുബായിലേക്ക് മാറാന്‍ ഉറപ്പിക്കുകയായിരുന്നു. ദുബായില്‍ എത്താന്‍ സഹായിച്ചതിന് പിസിബിക്ക് നന്ദി പറയുന്നു.' റിഷാദ് പറഞ്ഞു.

സംഘര്‍ഷത്തിനിടെ വിദേശ താരങ്ങളെല്ലാം എങ്ങനെയാണ് പാകിസ്ഥാനിലെ സാഹചര്യത്തോട് പ്രതികരിച്ചതെന്ന് റിഷാദ് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. താരങ്ങളെല്ലാം ഭയപ്പെട്ടുവെന്നാന്ന് റിഷാദ് പറഞ്ഞത്. ''വിദേശ താരങ്ങളായ സാം ബില്ലിംഗ്സ്, ഡാരല്‍ മിച്ചല്‍, കുശല്‍ പെരേര, ഡേവിഡ് വീസ്, ടോം കറന്‍ എന്നിവര്‍ വളരെയധികം ഭയപ്പെട്ടു. ഇംഗ്ലണ്ട് താരം കറനെ അതി വൈകാരികമായിട്ടാണ് കണ്ടത്. അദ്ദേഹം ചെറിയ കുട്ടിയെ പോലെ കരയുകയായിരുന്നു. പാകിസ്ഥാനിലെ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അത് അടച്ചിട്ടിരിക്കുന്നത് കണ്ട് അദ്ദേഹത്തിന് നിരാശവും വിഷമവും ഉള്ളിലടക്കാന്‍ സാധിച്ചില്ല. കറന്റെ കൂടെ എപ്പോഴും രണ്ടോ മൂന്നോ പേരുണ്ടായിരുന്നു.'' റിഷാദ് പറഞ്ഞു.

ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ പറഞ്ഞ വാക്കുകളും റിഷാദ് എടുത്തുപറഞ്ഞു. ''ദുബായില്‍ വിമാനമിറങ്ങിയ ഉടനെ കിവീസ് താരം ഡാരില്‍ മിച്ചല്‍ ഇനിയൊരിക്കലും പാകിസ്ഥാനിലേക്ക് കളിക്കാനായി വരില്ലെന്ന് എന്നോട് പറഞ്ഞു. പ്രത്യേകിച്ച് ഇത്തരം സാഹചര്യങ്ങളില്‍. ഇപ്പോള്‍ പ്രതിസന്ധികളെല്ലാം മറികടന്ന് ഞങ്ങള്‍ ദുബായിലെത്തി. വലിയ ആശ്വാസമുണ്ട്.'' റിഷാദ് പ്രതികരിച്ചു.