ഐപിഎല്‍ മത്സരങ്ങളുടെ തിരക്കിനിടയിലും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് അസമിലെത്തി വോട്ട് രേഖപ്പെടുത്തി. മാതാപിതാക്കള്‍ക്കൊപ്പം ഗുവാഹത്തിയില്‍ വോട്ട് ചെയ്ത താരം, ഈ സീസണിലെ മികച്ച ക്യാപ്റ്റന്‍സിയിലൂടെയും ശ്രദ്ധ നേടുന്നുണ്ട്. 

ഗുവാഹത്തി: ഐപിഎല്‍ ആവേശം കൊടുമുടിയില്‍ നില്‍ക്കുമ്പോഴും തന്റെ പൗരധര്‍മ്മം നിര്‍വ്വഹിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ്. അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യാഴാഴ്ച ഗുവാഹത്തിയില്‍ എത്തിയ താരം മാതാപിതാക്കള്‍ക്കൊപ്പം വോട്ട് രേഖപ്പെടുത്തി. മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം പരാഗ് ദാസിന്റെയും മുന്‍ ദേശീയ നീന്തല്‍ താരം മിഥു ബറുവയുടെയും മകനായ റിയാന്‍, ന്യൂ ഗുവാഹത്തി മണ്ഡലത്തിലെ ഖാര്‍ഘുലിയിലുള്ള ലാല്‍ സിംഗ് അക്കാദമിയിലാണ് വോട്ട് ചെയ്തത്.

വോട്ട് ചെയ്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച താരം, 'ഞങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നു' എന്നാണ് അതിന് അടിക്കുറിപ്പ് നല്‍കിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുമായുള്ള നിര്‍ണായക മത്സരത്തിന് മുന്‍പാണ് താരം ജന്മനാട്ടിലെത്തി വോട്ട് ചെയ്തത്. അസമിലെ 126 സീറ്റുകളിലേക്കും നടന്ന വോട്ടെടുപ്പില്‍ വൈകുന്നേരം 5 മണി വരെ ഏകദേശം 84.42% പോളിംഗ് രേഖപ്പെടുത്തി. ഇത് കഴിഞ്ഞ തവണത്തെക്കാള്‍ (82.04%) കൂടുതലാണ്.

ക്യാപ്റ്റന്‍സിയില്‍ തിളങ്ങി റിയാന്‍

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിച്ച റിയാന്റെ നായകപാടവത്തെ മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി അടക്കമുള്ളവര്‍ പ്രശംസിച്ചു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ വിജയത്തിന് ശേഷം റിയാന്റെ പക്വതയെയും നേതൃഗുണത്തെയും കുറിച്ച് ശാസ്ത്രി വാചാലനായി. 'ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ മികച്ച മത്സരങ്ങളിലൊന്നായിരുന്നു അത്. മികച്ച പക്വതയുള്ള റിയാന് നായകനെന്ന നിലയില്‍ വലിയ ഭാവി ഉണ്ടെന്നും' അദ്ദേഹം പറഞ്ഞു. പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ തന്റെ കളിയെ ബാധിക്കാതിരിക്കാന്‍ താന്‍ പഠിച്ചു കഴിഞ്ഞുവെന്നും മൈതാനത്തിന് പുറത്തുള്ള അഭിപ്രായങ്ങളേക്കാള്‍ പ്രധാനം തന്റെ പ്രകടനമാണെന്നും റിയാന്‍ വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പ്

ഈ സീസണില്‍ തങ്ങളുടെ സെക്കന്‍ഡറി ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപാര സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെയും മുംബൈ ഇന്ത്യന്‍സിനെയും തോല്‍പ്പിച്ച് രാജസ്ഥാന്‍ മികച്ച ഫോമിലാണ്. അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേടിയ വിജയവും ടീമിന് കരുത്തായി. ബാറ്റിംഗില്‍ കൂടി ഫോം വീണ്ടെടുക്കുന്നതോടെ ക്യാപ്റ്റന്‍ എന്ന നിലയില്‍ റിയാന്‍ പരാഗിന്റെ സാന്നിധ്യം ടീമിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.

YouTube video player