സഞ്ജു സാക്ഷി! ടി20 ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡിട്ട് റിയാന്‍ പരാഗ്; ബാറ്റിംഗിലും ബൗളിംഗിലും ഉഗ്രന്‍ ഫോം
രണ്ടാം മത്സരത്തില്‍ ബിഹാറിനെതിരെ 34 പന്തില്‍ 61 റണ്‍സും താരം അടിച്ചെടുത്തു. ആ മത്സരത്തില്‍ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്താനും പരാഗിനായിരുന്നു.

മുംബൈ: ടി20 ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡിട്ട് ഇന്ത്യന്‍ യുവതാരം റിയാന്‍ പരാഗ്. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി ആറ് അര്‍ധ സെഞ്ചുറികളാണ് പരാഗ് സ്വന്തമാക്കിയത്. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലാണ് താരത്തിന്റെ നേട്ടം. അസം ക്യാപ്റ്റനായ പരാഗ് ഏഴ് മത്സരങ്ങളാണ് കളിച്ചത്. ഇതില്‍ കഴിഞ്ഞ ആറ് മത്സരത്തിലും താരം ഫിഫ്റ്റി നേടി. ഗ്രൂപ്പ് ബിയില്‍ ഒഡീഷക്കെതിരെ ആദ്യ മത്സരത്തില്‍ 45 റണ്‍സാണ് പരാഗ് നേടിയത്. നേരിട്ടത് വെറും 19 റണ്‍സുകള്‍ മാത്രം.
രണ്ടാം മത്സരത്തില്‍ ബിഹാറിനെതിരെ 34 പന്തില്‍ 61 റണ്‍സും താരം അടിച്ചെടുത്തു. ആ മത്സരത്തില്‍ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്താനും പരാഗിനായിരുന്നു. മൂന്നാം മത്സരം സര്‍വീസസിനെതിരെ. 37 പന്തുകള്‍ നേരിട്ട താരം പുറത്താവാതെ 76 റണ്‍സ് നേടി. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും 21കാരന്‍ സ്വന്തമാക്കി. അടുത്ത മത്സരം സിക്കിമിനെതിരെ ആയിരുന്നു. അതിലും താരം ഗംഭീര പ്രകടനം പുറത്തെടുത്തു. 29 പന്തുകള്‍ മാത്രം നേരിട്ട പരാഗ് പുറത്താവാതെ 53 റണ്‍സ് നേടി. ഒരു വിക്കറ്റും സ്വന്തമാക്കി.
ഛണ്ഡീഗഢിനെതിരേയും അതേ പ്രകടനം തുടര്‍ന്നു. കേവലം 39 പന്തുകള്‍ മാത്രം നേരിട്ട പരാഗ് 76 റണ്‍സ് അടിച്ചെടുത്തു. ഒരു വിക്കറ്റും സ്വന്തമാക്കി. ഹിമാചല്‍ പ്രദേശിനെതിരെ 37 പന്തില്‍ 72 റണ്‍സാണ് അടിച്ചെടുത്തത്. ഒരു വിക്കറ്റും സ്വന്തമാക്കി. ഇപ്പോള്‍ കേരളത്തിനെതിരെ 33 പന്തില്‍ പുറത്താവാതെ 57 റണ്‍സും. 110 ശരാശരിയില്‍ 440 റണ്‍സാണ് പരാഗിന്റെ സമ്പാദ്യം. 193 താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. റണ്‍വേട്ടക്കാരില്‍ പരാഗാണ് ഒന്നാമന്‍. ഒമ്പത് വിക്കറ്റും പരാഗ് സ്വന്തമാക്കി.
കേരളത്തിനെതിരെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് അസം ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ് (8) തിളങ്ങാനായില്ല. മറുപടി ബാറ്റിംഗില്‍ അസം 19.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഐപിഎല്ലില്‍ സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് പരാഗ് കളിക്കുന്നത്. കേരളം തോറ്റെങ്കിലും ഗ്രൂപ്പ് ചാംപ്യന്മാരായി നോക്കൗട്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.