92 റണ്‍സ് നേടിയ ഓപ്പണര്‍ ഹര്‍വിക് ദേശായ് മാത്രമാണ് വെസ്റ്റ് സോണ്‍ നിരയില്‍ പിടിച്ചുനിന്നത്. അതിഥ് ഷേഥ് (18), ഷംസ് മുലാനി (12), സമര്‍ത്ഥ് വ്യാസ് (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

പുതുച്ചേരി: യുവതാരം റിയാന്‍ പരാഗ് (102) ഒരിക്കല്‍ കൂടി സെഞ്ചുറി കണ്ടെത്തിയപ്പോള്‍ ഈസ്റ്റ് സോണ്‍ ദിയോദര്‍ ട്രോഫി ഫൈനലില്‍. വെസ്റ്റ് സോണിനെ 157 റണ്‍സിനാണ് ഈസ്റ്റ് സോണ്‍ തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഈസ്റ്റ് സോണ്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വെസ്റ്റ് സോണ്‍ 34 ഓവറില്‍ 162ന് എല്ലാവരും പുറത്തായി. മുറ സിംഗ് അഞ്ച് വിക്കറ്റ് നേടി. ടൂര്‍ണമെന്റില്‍ പരാഗിന്റെ രണ്ടാം സെഞ്ചുറിയാണിത്.

92 റണ്‍സ് നേടിയ ഓപ്പണര്‍ ഹര്‍വിക് ദേശായ് മാത്രമാണ് വെസ്റ്റ് സോണ്‍ നിരയില്‍ പിടിച്ചുനിന്നത്. അതിഥ് ഷേഥ് (18), ഷംസ് മുലാനി (12), സമര്‍ത്ഥ് വ്യാസ് (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമാണ് വെസ്റ്റ് സോണിന് ലഭിച്ചത്. ഒമ്പത് ഓവറില്‍ നാലിന് 48 എന്ന നിലയിലേക്ക് തകര്‍ന്ന് വീണു വെസ്റ്റ് സോണ്‍. വ്യാസിന് പുറമെ രാഹുല്‍ ത്രിപാഠി (0), സര്‍ഫറാസ് ഖാന്‍ (3), കതന്‍ പട്ടേല്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 

പിന്നീട് ക്രീസിലെത്തിയ ശിവം ദുബെയ്ക്ക് (0) അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയ താരമാണ് ദുബെ. തുടര്‍ന്ന് മുലാനി - ദേശായ് സഖ്യം കൂട്ടിചേര്‍ത്ത 40 റണ്‍സാണ് വെസ്റ്റ് സോണിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. മുലാനിക്ക് ശേഷം ക്രീസിലെത്തിയ അതിഥ്, ദേശായിക്കൊപ്പം 49 റണ്‍സും കൂട്ടിചേര്‍ത്തു. അതിഥ് മടങ്ങിയ ശേഷം പിന്നീടെല്ലാം പെട്ടന്നായിരുന്നു. രാജ്‌വര്‍ധന്‍ ഹങ്കര്‍ഗേക്കര്‍ (0), അര്‍സാന്‍ നാഗസ്വല്ല (5) എന്നിവരും മടങ്ങി. പ്രതീക്ഷയറ്റം ദേശായിക്കും കൂടുതലൊന്നും ചെയ്യാനായില്ല. 92 പന്തില്‍ രണ്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. പരിക്കിനെ തുടര്‍ന്ന് അവസാനം ക്രീസിലെത്തിയ പ്രിയങ്ക് പാഞ്ചല്‍ (0) പുറത്താവാതെ നിന്നു. ഉത്കര്‍ഷ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

സഞ്ജു സാംസണെ കൈവിടാതെ രോഹിത് ശര്‍മ! നീണ്ട സംസാരം, നിര്‍ദേശങ്ങള്‍; വീഡിയോ

നേരത്തെ, മികച്ച തുടക്കത്തിന് ശേഷം ഈസ്റ്റ് സോണും തകര്‍ന്നിരുന്നു. ഒരു ഘട്ടത്തില്‍ 31.1 ഓവറില്‍ അഞ്ചിന് 157 എന്ന നിലയിലായിരുന്നു ഈസ്റ്റ് സോണ്‍. അഭിമന്യൂ ഈശ്വരന്‍ (38), ഉത്കര്‍ഷ് സിംഗ് (50), വിരാട് സിംഗ് (42) എന്നിവര്‍ക്കെല്ലാം നന്നായി തുടങ്ങാനായി. എന്നാല്‍ റിഷവ് ദാസ് (3), സൗരഭ് തിവാരി (13) നിരാശപ്പെടുത്തി. ഇതോടെ അഞ്ചിന് 157 എന്ന നിലയിലായി ഈസ്റ്റ് സോണ്‍. എന്നാല്‍ 68 പന്തില്‍ പുറത്താവാതെ 102 റണ്‍സ് നേടിയ പരാഗ് ഈസ്റ്റ് സോണിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. കുമാര്‍ കുശാഗ്ര (53) പിന്തുണ നല്‍കി. ഷഹ്ബാസ് അഹമ്മദാണ് (7) പുറത്തായ മറ്റൊരു താരം. ആകാശ് ദീപ് (1) പരാഗിനൊപ്പം പുറത്താവാതെ നിന്നു. അഞ്ച് സിക്‌സും ആറ് ഫോറും പരാഗിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. മുലാനി വെസ്റ്റ് സോണിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറ്റൊരു മത്സരത്തില്‍ നോര്‍ത്ത് സോണ്‍, നോര്‍ത്ത് ഈസ്റ്റ് സോണിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്തു.