ഇതുവരെ കളിച്ച നാലു മത്സരങ്ങളില്‍ 5, 15, 14, 0 എന്നിങ്ങനെയായിരുന്നു പരാഗിന്‍റെ സ്കോര്‍. കഴിഞ്ഞ ഐപിഎല്ലില്‍ അസാധരണ പ്രകടനമൊന്നു പരാഗ് നടത്തിയിട്ടുമില്ല.

ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് സൂചന. ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് പരിഗണിക്കില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണെയും യശസ്വി ജയ്സ്വാളിനെയും അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനിടയുണ്ട്.

അതേസമയം, രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്‍റെ സഹതാരമായിരുന്ന റിയാന്‍ പരാഗിനെ ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും ടി20 ടീമിലേക്ക് പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലാണ് റിയാന്‍ പരാഗ് അവസാനമായി ഇന്ത്യൻ കുപ്പായമണിഞ്ഞത്. പിന്നീട് പരിക്കുമൂലം ടീമില്‍ നിന്ന് പുറത്തായ പരാഗിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. പാര്‍ട്ട് ടൈം സ്പിന്നറായി കൂടി പരിഗണിക്കാമെന്നതിനാലാണ് പരാഗിനെ ടി20 ടീമിലേക്ക് പിഗണിക്കുന്നതെങ്കിലും ഇത്തവണ മുഷ്താഖ് അലി ട്രോഫിയില്‍ പരാഗിന്‍രെ പ്രകടനം പരിതാപകരമായിരുന്നു.

ഇതുവരെ കളിച്ച നാലു മത്സരങ്ങളില്‍ 5, 15, 14, 0 എന്നിങ്ങനെയായിരുന്നു പരാഗിന്‍റെ സ്കോര്‍. കഴിഞ്ഞ ഐപിഎല്ലില്‍ അസാധരണ പ്രകടനമൊന്നു പരാഗ് നടത്തിയിട്ടുമില്ല. ഒരു അര്‍ധസെഞ്ചുറി മാത്രം നേടിയ പരാഗ് 393 റണ്‍സ് മാത്രമാണ് കഴിഞ്ഞ ഐപിഎല്ലില്‍ നേടിയത്. എന്നാല്‍ ഓള്‍ റൗണ്ടര്‍മാരോട് കോച്ച് ഗൗതം ഗംഭീറിനുള്ള പ്രത്യേക താല്‍പര്യമാണ് പരാഗിനെ ടീമിലേക്ക് പരിഗണിക്കാന്‍ കാരണമാകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഇന്ത്യൻ പിച്ചുകളില്‍ രണ്ടോ മൂന്നോ ഓവര്‍ എറിയാന്‍ പരാഗിനാവും. ഇന്ത്യക്കായി ഇതുവരെ കളിച്ച ഒമ്പത് ടി20 മത്സരങ്ങളില്‍ നിന്ന് 106 റണ്‍സും നാലു വിക്കറ്റുമാണ് പരാഗ് നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക