സെഞ്ചുറി നേടിയ ശേഷമുള്ള കോലിയുടെ ആഘോഷവും രോഹിത്തിന്‍റെ പ്രതികരണവും ഇരു താരങ്ങള്‍ക്കും ഗംഭീറീന്‍റെ ശൈലിയോടുള്ള വ്യക്തമായ വിയോജിപ്പ് കൂടിയാണ് പ്രകടമാക്കിയതെന്നാണ് സൂചന.

റായ്പൂർ: അടുത്ത ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് മികവ് തെളിയിക്കണമെന്ന നിര്‍ദേശം അവഗണിക്കാന്‍ വിരാട് കോലി. അടുത്ത മാസം നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ കോലിയും രോഹിത്തും വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ കളിക്കണമെന്ന് കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ഇരുവരോടും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രോഹിത് മുംബൈക്കായി കളിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും ഈ മാസം അവസാനം ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്കായി കളിക്കാനില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് വിരാട് കോലി.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ കോലിയും ഗംഭീറുമായുള്ള ഭിന്നത പരസ്യമായെന്നും റിപ്പോര്‍ട്ടുണ്ട്. സെഞ്ചുറി നേടിയ ശേഷമുള്ള കോലിയുടെ ആഘോഷവും രോഹിത്തിന്‍റെ പ്രതികരണവും ഇരു താരങ്ങള്‍ക്കും ഗംഭീറീന്‍റെ ശൈലിയോടുള്ള വ്യക്തമായ വിയോജിപ്പ് കൂടിയാണ് പ്രകടമാക്കിയതെന്നാണ് സൂചന.അതുകൊണ്ട് തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന ടീം മാനേജ്മെന്‍റിന്‍റെ നിര്‍ദേശത്തെ എതിര്‍ക്കാന്‍ തന്നെയാണ് കോലി തീരുമാനിച്ചിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ രോഹിത് ശര്‍മ കളിക്കാന്‍ തയാറായ സാഹചര്യത്തില്‍ കോലിക്ക് മാത്രം എങ്ങനെ ഇളവ് കൊടുക്കുമെന്നതും വലിയ ചോദ്യമാണ്.

റാഞ്ചിയില്‍ ആദ്യ ഏകദിനത്തില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം താന്‍ ഗ്രൗണ്ടിലിറങ്ങി അധികം പരിശീലനം നടത്താറില്ലെന്നും തന്‍റെ തയാറെടുപ്പുകള്‍ കൂടുതലും മാനസികമാണെന്നും കോലി പറഞ്ഞിരുന്നു. ഫിറ്റ്നെസ് ഉയര്‍ത്താനായി ശാരീരികമായി കഠിനാധ്വാനം ചെയ്യാറുണ്ടെങ്കിലും മത്സരത്തിനായി ഗ്രൗണ്ടിലിറങ്ങി ഒരുപാട് തയാറെടുപ്പുകള്‍ നടത്താറില്ലെന്നും കോലി പറഞ്ഞിരുന്നു. അതിനിടെ ഇന്ന് റാഞ്ചിയില്‍ നിന്ന് റായ്പൂരിലേക്ക് പോകാനായി എത്തിയ വിരാട് കോലിയുമായി സെലക്ഷൻ കമ്മിറ്റി അംഗമായ പ്രഗ്യാൻ ഓജ കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. രോഹിത് ശര്‍മയും ഇടക്ക് ചര്‍ച്ചയില്‍ ഭാഗമായിരുന്നു. എന്നാല്‍ ഗൗതം ഗംഭീര്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. നാളെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വിരാട് കോലിയുമായും രോഹിത് ശര്‍മയുമായും ഇരുവരുടെയും ഭാവി സംബന്ധിച്ച് ചര്‍ച്ച നത്തുമെന്നും ഇതിന് മുന്നോടിയായി മഞ്ഞുരുക്കാനാണ് പ്രഗ്യാന്‍ ഓജ എത്തിയതെന്നും സൂചനയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക