മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ടി20 ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടന മത്സരത്തില്‍ പ്രായം വെറുമൊരും സംഖ്യയെന്ന് തെളിയിച്ച് ഇന്ത്യന്‍ ലെജന്‍‌ഡ്‌സ് താരം സഹീര്‍ ഖാന്‍. വിന്‍ഡീസ് ലെജന്‍‌സിനെതിരായ മത്സരത്തില്‍ ഒറ്റകൈകൊണ്ട് വിസ്‌മയ ക്യാച്ചെടുക്കുകയായിരുന്നു നാല്‍പ്പത്തിയൊന്നുകാരനായ സഹീര്‍. 

വിന്‍ഡീസ് ലെജന്‍ഡ്‌സ് ഇന്നിംഗ്‌സിലെ 17-ാം ഓവറിലായിരുന്നു സഹീറിന്‍റെ തകര്‍പ്പന്‍ ക്യാച്ച്. ഇന്ത്യന്‍ മുന്‍ പേസര്‍ മുനാഫ് പട്ടേലിനെ ഫ്ലിക്ക് ചെയ്ത് അതിര്‍ത്തികടത്താനായിരുന്നു റിക്കാര്‍ഡോ പവലിന്‍റെ ലക്ഷ്യം. എന്നാല്‍ ഡീപ് സ്‌ക്വഡര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്‌തിരുന്ന സഹീര്‍ ഉയര്‍ന്നുചാടി പന്ത് കൈക്കലാക്കി. ഒരു റണ്‍ മാത്രമാണ് റിക്കാര്‍ഡോ പവര്‍ നേടിയത്. 

സഹീറിന്‍റെ ക്യാച്ച് കണ്ട് നായകന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള താരങ്ങള്‍ക്ക് വിശ്വസിക്കാനായില്ല. സഹീറിനെ ഇന്ത്യന്‍ താരങ്ങള്‍ പ്രശംസിക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ കാണാനായി. മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ സഹീര്‍ ഖാന്‍ 30 റണ്‍സിന് രണ്ട് വിക്കറ്റും നേടി. 

Read more: 'സൂപ്പര്‍മാന്‍ ക്യാച്ച്'; ജഡേജ എക്കാലത്തെയും മികച്ച ഫീല്‍ഡറെന്ന് വാഴ്‌ത്തിപ്പാടി ആരാധകര്‍

മത്സരത്തില്‍ ഇന്ത്യ ലെജന്‍ഡ്സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ലെജന്‍‌ഡ‍്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ ലെജന്‍ഡ്സ് ലക്ഷ്യത്തിലെത്തി. ഓപ്പണര്‍മാരായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും(29 പന്തില്‍ 36) വീരേന്ദര്‍ സെവാഗുമാണ്(57 പന്തില്‍ 74*) ജയം സമ്മാനിച്ചത്. 

Read more: വീരു വെടിക്കെട്ടില്‍ വിന്‍ഡീസ് ലെജന്‍ഡ്‌സിനെ വീഴ്‌ത്തി ഇന്ത്യ ലെജന്‍ഡ്‌സ്