മുംബൈ: മത്സരക്രിക്കറ്റിൽ നിന്നെടുത്ത ഇടവേളയും ശാരീരികക്ഷമതയും വെല്ലുവിളിയാണെങ്കിലും റോഡ് സേഫ്റ്റി വേൾഡ് സീരീസ് ക്രിക്കറ്റ് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിംഗ്. സച്ചിനടക്കമുള്ള താരങ്ങളോടൊപ്പം സൗഹൃദം ആസ്വദിക്കാനുള്ള വേദിയാണ് ടൂര്‍ണമെന്‍റ് എന്നും യുവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സച്ചിന്‍റെ നേതൃത്വത്തിലാണ് ടീം ഇന്ത്യ ഇന്നലെ പരിശീലത്തിനെത്തിയത്. വിരമിക്കലിന് ശേഷം ഇതാദ്യമായാണ് യുവി ഇത്രയും കഠിനമായ പരിശീലന സെഷനിൽ പങ്കെടുക്കുന്നത്. ബാറ്റിംഗ് വെടിക്കെട്ടിനൊപ്പം ഫീൽഡിലെ മിന്നൽപ്പിണറാണ് യുവി. ടിക്കറ്റെടുത്ത് കളികാണാനെത്തുന്നവർക്ക് മുന്നിൽ പഴയ വീര്യം പുറത്തെടുക്കാനുള്ള ശ്രമത്തിലാണെന്ന് യുവ്‌രാജ് കൂട്ടിച്ചേര്‍ത്തു. 

Read more: സച്ചിനും ലാറയും നേര്‍ക്കുനേര്‍; റോഡ് സേഫ്റ്റി വേൾഡ് സീരീസിന് ഇന്ന് തുടക്കം; ആരാധകര്‍ ആവേശത്തില്‍

ഇർഫാൻ പത്താനും മുഹമ്മദ് കൈഫുമടക്കമുള്ള ഇന്ത്യൻ താരങ്ങളെ നീലക്കുപ്പായത്തിൽ കാണാൻ പരിശീലനം നടക്കുന്ന മുംബൈ ബോർബോൺ സ്റ്റേഡിയത്തിലേക്ക് നിരവധി ആരാധകർ എത്തിയിരുന്നു. വാംങ്കഡെയിൽ ഇന്ത്യയെ നേരിടുന്ന വിന്‍ഡീസ് ടീം ബ്രയാൻ ലാറയുടെ നേതൃത്തിലാണ് പരിശീലനം നടത്തിയത്. കാൾ ഹൂപ്പറും ചന്ദ്രപോളും അടക്കമുള്ള താരങ്ങൾ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കൂർ നേരം നെറ്റ്സിൽ ബാറ്റ് ചെയ്തു. വേൾഡ് സീരീസ് ക്രിക്കറ്റ് പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ വിന്‍ഡീസിനെ ഇന്ന് ഇന്ത്യാ ലെജന്‍സ് നേരിടും.

ഇന്ത്യാ ലെജൻസ്: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, യുവ്‌രാജ് സിംഗ്, അജിത് അഗാര്‍ക്കര്‍, സഞ്ജയ് ബാംഗര്‍, മുനാഫ് പട്ടേല്‍, മുഹമ്മദ് കൈഫ്, പ്രഗ്യാന്‍ ഓജ, സായ്‌രാജ് ബഹുതുലെ, എബി കുരുവിള, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, സമീര്‍ ദിഗേ.