ക്യാപ്റ്റനായിരുന്ന കോലിക്ക് ആരെയെങ്കിലും ഇഷ്ടമല്ലെങ്കില്‍ പിന്നെ അയാളെ ടീമിലെടുക്കില്ലെന്ന് ഉത്തപ്പ.

ബെംഗലൂരു: ഇന്ത്യൻ താരം വിരാട് കോലിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുന്‍ താരം റോബിന്‍ ഉത്തപ്പ. 2019ലെ ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് അംബാട്ടി റായഡുവിനെ ഒഴിവാക്കാന്‍ കാരണം, അന്നത്തെ ക്യാപ്റ്റനായിരുന്ന വിരാട് കോലിക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണെന്ന് ഉത്തപ്പ പറഞ്ഞു. നേരത്തെ ക്യാന്‍സര്‍ മുക്തനായി തിരിച്ചുവന്ന യുവരാജ് സിംഗിന്‍റെ പുറത്താകലിന് കാരണവും കോലിയാണെന്ന് ഉത്തപ്പ പറഞ്ഞിരുന്നു.

2019ലെ ഏകദിന ലോകകപ്പിന് തൊട്ടു മുമ്പ് വരെ ഇന്ത്യൻ ബാറ്റിംഗ് നിരയിലെ നാലാം നമ്പര്‍ സ്ഥാനം ഉറപ്പിച്ച താരമായിരുന്നു റായുഡു. വിരാട് കോലിയും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ റായുഡുവിന് പകരം വിജയ് ശങ്കറാണ് ടീമിലെത്തിയത്. ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും ഫീല്‍ഡ് ചെയ്യാനും കഴിയുന്ന ത്രീ ഡൈമന്‍ഷണല്‍ പ്ലേയറായതുകൊണ്ടാണ് വിജയ് ശങ്കറെ ടീമിലെടുത്തത് എന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു എം എസ് കെ പ്രസാദ് അന്ന് വിശദീകരിച്ചത്. പിന്നീട് ലോകകപ്പിനിടെ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റ് പുറത്തായപ്പോഴും റായുഡുവിനെ ടീമിലെടുത്തില്ല.

റിഷഭ് പന്തിന് ഇടമില്ല, സഞ്ജു ടീമില്‍; ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്ത് ഹര്‍ഭജന്‍ സിംഗ്

ക്യാപ്റ്റനായിരുന്ന കോലിക്ക് ആരെയെങ്കിലും ഇഷ്ടമല്ലെങ്കില്‍ പിന്നെ അയാളെ ടീമിലെടുക്കില്ലെന്ന് ഉത്തപ്പ പറഞ്ഞു. റായുഡുവിന്‍റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. കോലിക്ക് ആരയെങ്കിലും ഇഷ്ടമല്ലെങ്കിലോ അരെങ്കിലും അത്ര പോരെന്ന് തോന്നിയാലോ പിന്നെ അയാള്‍ ടീമിന് പുറത്താകും. റായുഡുവാണ് ഇതിന്‍റെ ഉത്തമ ഉദാഹരണം. എല്ലാ ക്യാപ്റ്റൻമാര്‍ക്കും അവരവരുടെ ഇഷ്ടക്കാരുണ്ടാകും. എന്നാല്‍ ലോകകപ്പ് ടീമിലെ സ്ഥാനം പടിവാതിലില്‍ നില്‍ക്കെ ഒരു കളിക്കാരനോട് അത് ചെയ്യരുതായിരുന്നു. ടീമില്‍ ഉറപ്പായും ഉണ്ടാകുമെന്ന് കരുതി ലോകകപ്പില്‍ കളിക്കാനുള്ള ജേഴ്സിയും കിറ്റും എല്ലാവും റായുഡു വീട്ടില്‍ ഒരുക്കിവെച്ചിരുന്നു. എന്നാല്‍ അവന് മുന്നില്‍ അപ്രതീക്ഷിതമായി വാതിലടച്ചു കളഞ്ഞു. അത് നീതികേടായിരുന്നുവെന്നും ഉത്തപ്പ ലല്ലന്‍ടോപിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സഞ്ജു സാംസണല്ല, ചാമ്പ്യൻസ് ട്രോഫിയിലൂടെ ഇന്ത്യൻ ടീമിലേക്ക് വമ്പൻ തിരിച്ചുവരാനൊരുങ്ങി മറ്റൊരു മലയാളി താരം

ടീമില്‍ ഇടം ലഭിക്കാത്തതിന് പിന്നാലെ ചീഫ് സെലക്ടറുടെ ത്രീ ഡൈമന്‍ഷണല്‍ പ്ലേയര്‍ പരാമര്‍ശത്തെ പരിഹസിച്ച് റായുഡു ട്വീറ്റിട്ടിരുന്നു. പിന്നാലെ 33-ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് റായുഡു വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് രണ്ട് മാസം കഴിഞ്ഞ് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചെങ്കിലും പിന്നീടൊരിക്കലും റായുഡു ഇന്ത്യൻ കുപ്പായത്തില്‍ കളിച്ചില്ല. 2023ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം ഐപിഎല്‍ കിരീടം നേടിയശേഷം റായുഡു സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തു. ധോണിയുടെ കീഴില്‍ 2015ലെ ലോകകപ്പ് ടീമിലുണ്ടായിരുന്ന റായുഡുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യക്കായി 55 ഏകദിനങ്ങളിലും ആറ് ടി20 മത്സരങ്ങളിലും കളിച്ച റായുഡു ടെസ്റ്റ് ടീമിലും ഇടം നേടിയെങ്കിലും അരങ്ങേറ്റത്തിന് അവസരം ലഭിച്ചില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക