ബേണ്‍: പരിക്കേറ്റ മുന്‍ ചാംപ്യന്‍ റോജര്‍ ഫെഡറര്‍ ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ കളിക്കില്ല. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുകയണ് ഫെഡറര്‍. ഫ്രഞ്ച് ഓപ്പണിന് മുമ്പായി നടക്കുന്ന ദുബായ് ഓപ്പണ്‍, ഇന്ത്യന്‍ വെല്‍സ്, ബൊഗോട്ട, മയാമി ഓപ്പണ്‍ എന്നീ എടിപി ടൂര്‍ണമെന്റുകളും ഫെഡറര്‍ക്ക് നഷ്ടമാവും. എന്നാല്‍ വിംബിള്‍ഡണിന് മുമ്പായി കോര്‍ട്ടിലേക്ക് തിരിച്ചെത്തും. 
 
നാലു മാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മേയ് ഇരുപത്തിനാലിനാണ് ഫ്രഞ്ച് ഓപ്പണ് തുടക്കമാവുക. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുമ്പോഴാണ് ഫെഡറര്‍ക്ക് പരിക്കേറ്റത്. സെമി ഫൈനലില്‍ പരിക്കുമായിട്ടാണ് നൊവാക് ജോകോവിച്ചിനെതിരെ കളിച്ചത്.

മത്സരത്തില്‍ പരാജയപ്പെട്ട ഫെഡറര്‍ പിന്നീട് കോര്‍ട്ടില്‍ ഇറങ്ങിയിട്ടില്ല. 2009ലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനായ ഫെഡറര്‍ 2017, 2018  വര്‍ഷങ്ങളില്‍ കളിച്ചിരുന്നില്ല. വിംബിള്‍ഡണ് മുമ്പ് ഫെഡറര്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.