ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളായിരുന്നു രോഹിത് ശര്‍മയും മുഹമ്മദ് ഷമിയും. ഷമി അവസാന ഓവറില്‍ റണ്‍സ് വിട്ടുനല്‍കാതെ മത്സരം ടൈ ആക്കിയപ്പോള്‍ രോഹിത് സൂപ്പര്‍ ഓവറില്‍ വിജയം കൊണ്ടുവരികയായിരുന്നു. ഇതോടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 0-3ന് മുന്നിലാണ്.

എന്നാല്‍ ഷമിയുടെ പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചതെന്ന് രോഹിത് വ്യക്തമാക്കി. താരം പറയുന്നതിങ്ങനെ... ''അവസാന ഓവറില്‍ ഒമ്പത് റണ്‍സ് പ്രതിരോധിക്കുക എളുപ്പമല്ലായിരുന്നു. അതും മഞ്ഞുള്ള സമയത്ത്. ഷമിയുടെ ഓവറാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നയിച്ചതും പിന്നാലെ ഇന്ത്യക്ക് വിജയം സമ്മാനിച്ചതും. ന്യൂസിലന്‍ഡ് നിരയിലെ ഏറ്റവും മികച്ച രീതിയില്‍ ബാറ്റ് ചെയ്ത താരത്തെയും ഏറ്റവും പരിചയസമ്പത്തുള്ള താരത്തെയുമാണ് ഷമി പുറത്താക്കിയത്. 

സൂപ്പര്‍ ഓവറില്‍ എന്ത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ആദ്യമായിട്ടാണ് സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യുന്നത്. തുടക്കം മുതല്‍ അടിച്ച് തുടങ്ങണമെന്നോ അല്ലെങ്കില്‍ ആദ്യ പന്തില്‍ തന്നെ സിംഗിളിന് ശ്രമിക്കണമെന്നുപോലും അറിയില്ലായിരുന്നു. നല്ല പിച്ചായിരുന്നു ഹാമില്‍ട്ടണിലേത്. അതുകൊണ്ടുതന്നെ അവസാനം വരെ പിടിച്ചുനില്‍ക്കണമെന്ന് മനസില്‍ ഉറപ്പിച്ചിരുന്നു.'' രോഹിത് പറഞ്ഞുനിര്‍ത്തി.

ഒമ്പത് റണ്‍സായിരുന്നു അവസാന ഓവറില്‍ ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറെറിഞ്ഞ ഷമി ആദ്യ രണ്ട് പന്തില്‍ ഏഴ് റണ്‍സ് നല്‍കിയെങ്കിലും പിന്നീടുള്ള നാല് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. അവരുടെ മികച്ച ബാറ്റ്‌സ്മാന്മാരായ കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ എന്നിവരെ പുറത്താക്കുകയും ചെയ്തു. മത്സരം സമനിലയില്‍ അവസാനിച്ചതോടെ സൂപ്പര്‍ ഓവര്‍ എറിയേണ്ടി വന്നു. സൂപ്പര്‍ ഓവറിലെ അവസാന രണ്ടു പന്തില്‍ സിക്‌സ് അടിച്ച് രോഹിത് ഇന്ത്യയെ ജയിപ്പിക്കുകയായിരുന്നു.