ക്രീസില്‍ കാലുറപ്പിച്ചാല്‍ ഒരു ബൗളര്‍ക്കും പിടി കൊടുക്കാതെ കുതിക്കുന്ന സ്വഭാവക്കാരാണ് ഇരുവരും
ഗയാന: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ രണ്ട് പേരാണ് ടീം ഇന്ത്യയുടെ രോഹിത് ശര്‍മ്മയും വിരാട് കോലിയും. രോഹിത് ഓപ്പണറാണെങ്കില്‍ മൂന്നാം നമ്പറില്‍ പകരംവെക്കാനില്ലാത്ത താരമാണ് വിരാട്. ഏകദിന ക്രിക്കറ്റില്‍ 22,735 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്. ഇവരില്‍ ആരുടെ വിക്കറ്റിനാണ് ഏറ്റവും പ്രധാനം എന്ന് ചോദിച്ചാല്‍ ആരുമൊന്ന് ഉത്തരം പറയാന്‍ പ്രയാസപ്പെടും. കാരണം, ക്രീസില്‍ കാലുറപ്പിച്ചാല്‍ ഒരു ബൗളര്‍ക്കും പിടി കൊടുക്കാതെ കുതിക്കുന്ന സ്വഭാവക്കാരാണ് ഇരുവരും. എന്നാല്‍ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കെയ്‌ല്‍ മെയേഴ്‌സിന് ഈ ചോദ്യത്തിന് ഉടനടി ഉത്തരമുണ്ട്.
വിരാട് കോലി, രോഹിത് ശര്‍മ്മ എന്നിവരില്‍ ആരുടെ വിക്കറ്റാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്ന ചോദ്യത്തിന് കിംഗിന്‍റേത് എന്നായിരുന്നു ഫാന്‍കോഡിനോട് കെയ്‌ല്‍ മെയേഴ്‌സിന്‍റെ പ്രതികരണം. 'കോലിയുടെ വിക്കറ്റ് ഏതൊരു ബൗളറും കൊതിക്കുന്നതാണ്. കാരണം, കോലി മൂന്ന് ഫോര്‍മാറ്റിലേയും മികച്ച ബാറ്ററാണ്' എന്നും മെയേഴ്‌സ് വ്യക്തമാക്കി. ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്‍റി 20ക്ക് മുമ്പാണ് കെയ്‌ല്‍ മെയേഴ്‌സിന്‍റെ വാക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ ട്വന്‍റി 20 ലോകകപ്പില്‍ സെമിയില്‍ ടീം ഇന്ത്യ പുറത്തായ ശേഷം നാളിതുവരെ രാജ്യാന്തര ടി20 കോലിയും രോഹിത്തും കളിച്ചിട്ടില്ല. ഇരുവരും ഇനി ടീം ഇന്ത്യക്കായി ടി20 കളിക്കുമോ എന്നുറപ്പില്ല. എന്നാല്‍ രോഹിത്തും കോലിയും ഇപ്പോഴും ടെസ്റ്റ്, ഏകദിന ടീമുകളിലെ നിര്‍ണായക സാന്നിധ്യങ്ങളാണ്.
സൂപ്പര്‍ സണ്‍ഡേ
നാളെ ഞായറാഴ്‌ച ഗയാനയില്‍ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്‍റി 20 നടക്കും. ട്രിനിഡാഡില്‍ നടന്ന ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാല് റണ്‍സിന്‍റെ തോല്‍വി നേരിട്ടിരുന്നു എന്നതിനാല്‍ മടങ്ങിവരവാണ് ഹാര്‍ദിക് പാണ്ഡ്യയും കൂട്ടരും ലക്ഷ്യമിടുന്നത്. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 20 ഓവറില്‍ 6 വിക്കറ്റിന് 149 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റിന് 145 റണ്‍സേ കണ്ടെത്താനായുള്ളൂ. മലയാളി താരം സഞ്ജു സാംസണിന് മത്സരത്തില്‍ തിളങ്ങാനായില്ല. 12 പന്തില്‍ 12 റണ്‍സുമായി സഞ്ജു, മെയേഴ്‌സിന്‍റെ ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 1-0ന് മുന്നിലെത്തി. രണ്ടാം ടി20യിലും സഞ്ജു കളിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം ആരംഭിക്കുക.
