അയർലന്‍ഡിന്‍റെ പോള്‍ സ്റ്റിർലിംഗ് മാത്രമാണ് മുമ്പ് രാജ്യാന്തര ടി20യില്‍ 300 ഫോറുകള്‍ പിന്നിട്ടിട്ടുള്ളൂ

എഡ്‍ജ്‍ബാസ്റ്റണ്‍: രാജ്യാന്തര ടി20യില്‍ 300 ഫോറുകള്‍(300 Fours in T20I) തികയ്ക്കുന്ന രണ്ടാമത്തെയും ആദ്യ ഇന്ത്യന്‍ താരവുമെന്ന നേട്ടത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മ(Rohit Sharma). ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലാണ്(ENG vs IND 2nd T20I) ഹിറ്റ്മാന്‍റെ നേട്ടം. മത്സരത്തിന് ഇറങ്ങുമ്പോള്‍ 298 ഫോറുകളുണ്ടായിരുന്ന രോഹിത് മൂന്ന് ബൗണ്ടറികളോടെ തന്‍റെ സമ്പാദ്യം 301 ഫോറുകളാക്കി. അയർലന്‍ഡിന്‍റെ പോള്‍ സ്റ്റിർലിംഗ്(Paul Stirling) മാത്രമാണ് മുമ്പ് രാജ്യാന്തര ടി20യില്‍ 300 ഫോറുകള്‍ പിന്നിട്ടിട്ടുള്ളൂ. സ്റ്റിർലിംഗിന് 325 ബൗണ്ടറികളാണുള്ളത്. 

അതേസമയം 300 ഫോറുകള്‍ തികയ്ക്കാനുള്ള അവസരം ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി പാഴാക്കി. രോഹിത്തിനൊപ്പം 298 ഫോറുകളുമായി കളത്തിലെത്തിയ കിംഗ് കോലി ഒരു റണ്‍ മാത്രമെടുത്ത് മടങ്ങിയതോടെയാണിത്. രാജ്യാന്തര ടി20യില്‍ കൂടുതല്‍ ഫോറുകള്‍ നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കോലി. 287 ബൗണ്ടറികളുമായി ന്യൂസിലന്‍ഡ് ഓപ്പണർ മാർട്ടിന്‍ ഗുപ്റ്റിലാണ് നാലാം സ്ഥാനത്ത്. 

മത്സരത്തില്‍ ഇന്ത്യക്ക് തകർപ്പന്‍ തുടക്കം സമ്മാനിച്ച രോഹിത് ശർമ്മ ഓപ്പണിംഗ് വിക്കറ്റില്‍ റിഷഭ് പന്തിനൊപ്പം 4.5 ഓവറില്‍ 49 റണ്‍സ് ചേർത്തു. അരങ്ങേറ്റക്കാന്‍ പേസർ റിച്ചാർഡ് ഗ്ലീസന് വിക്കറ്റ് സമ്മാനിച്ചായിരുന്നു രോഹിത്തിന്‍റെ മടക്കം. പുള്‍ ഷോട്ടിന് ശ്രമിച്ച് വിക്കറ്റിന് പിന്നില്‍ ജോസ് ബട്‍ലറുടെ ലോകോത്തര പറക്കും ക്യാച്ചിലായിരുന്നു മടക്കം. ഹിറ്റ്മാന്‍ 20 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സറും സഹിതം 31 റണ്‍സ് നേടി. ഗ്ലീസന്‍റെ ആദ്യ രാജ്യാന്തര ടി20 വിക്കറ്റായിരുന്നു ഇത്. 

രോഹിത്തിനൊപ്പം റെക്കോർഡ് ലക്ഷ്യമിട്ട് ക്രീസിലെത്തിയ വിരാട് കോലിയും പുറത്തായത് റിച്ചാർഡ് ഗ്ലീസന്‍റെ പന്തിലായിരുന്നു. കൂറ്റനടിക്ക് ശ്രമിച്ച് കോലി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. കോലിയുടെ ടോപ് എഡ്‍ജില്‍ ബാക്ക്‍വേഡ് പോയിന്‍റിലേക്ക് ഓടി ഡേവിഡ് മലാന്‍ പറക്കും ക്യാച്ചെടുക്കുകയായിരുന്നു. ഒരിക്കല്‍ കൂടി ബാറ്റിംഗ് പരാജയമായ കോലിക്ക് നേടാനായത് മൂന്ന് പന്തില്‍ 1 റണ്‍ മാത്രമാണ്. 

ENG vs IND : ഏതാണ് ബെസ്റ്റ് എന്ന് പറയാനാവാത്ത രണ്ട് വണ്ടർ ക്യാച്ചുകള്‍, ഞെട്ടിച്ച് ബട്‍ലറും മലാനും- വീഡിയോ