ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ തോല്‍വിക്ക് പിന്നാലെ വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതോടെയാണ് ടീം ഇന്ത്യ രോഹിത് ശര്‍മ്മയിലേക്ക് തിരിഞ്ഞത്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് (Team India) ക്യാപ്റ്റന്‍സിയില്‍ വിരാട് കോലി (Virat Kohli) യുഗം രോഹിത് ശര്‍മ്മയ്‌ക്ക് (Rohit Sharma) വഴിമാറിയിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ഹോം പരമ്പരയില്‍ (IND vs SL) 2-0ന്‍റെ ആധികാരിക ജയവുമായി വെള്ളക്കുപ്പായത്തില്‍ ക്യാപ്റ്റന്‍ രോഹിത് തിളങ്ങി. ടീം ഇന്ത്യക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ജയം സമ്മാനിച്ച വിരാട് കോലിയേക്കാള്‍ മികച്ച നായകനാവാന്‍ രോഹിത്തിന് കഴിയുമെന്ന് വാദിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍ (Wasim Jaffer).
'രോഹിത്തിന് വിരാടിനേക്കാള്‍ മികച്ച ടെസ്റ്റ് നായകനാവാന്‍ കഴിയും. എത്ര ടെസ്റ്റുകളില്‍ രോഹിത് ക്യാപ്റ്റനാകും എന്ന് നമുക്കറിയില്ല.എന്നാല്‍ തന്ത്രപരമായി മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് രോഹിത്. രോഹിത്തിന് കീഴില്‍ ടീം വൈറ്റ് വാഷ് ചെയ്‌തത് നമ്മള്‍ കണ്ടതാണ്. കോലിയില്‍ നിന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം കൃത്യമായ കൈകളിലാണ് എത്തിയിരിക്കുന്നത്' എന്നും വസീം ജാഫര്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ തോല്‍വിക്ക് പിന്നാലെ വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതോടെയാണ് ടീം ഇന്ത്യ രോഹിത് ശര്‍മ്മയിലേക്ക് തിരിഞ്ഞത്. ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്‌ത ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ചേക്കേറിയിരുന്നു. ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഇതിന് മുമ്പ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ രോഹിത് ശര്‍മ്മ നയിക്കും. മാര്‍ച്ച് 27ന് ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ആദ്യ മത്സരം.
ലോകകപ്പിന് ശേഷം ടി20 നായകപദവിയൊഴിഞ്ഞ കോലിയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയിലെ തോല്‍വിയോടെ ടെസ്റ്റ് നായകത്വം കോലി ഒഴിഞ്ഞു. ടീം ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനെന്ന ഖ്യാതി വിരാട് കോലിക്ക് സ്വന്തമാണ്. 58.82 ആണ് ടെസ്റ്റില്‍ കോലിയുടെ വിജയശതമാനം. ധോണി നയിച്ച 60 ടെസ്റ്റുകളില്‍ 27 എണ്ണം മാത്രമാണ് ജയിച്ചത്. ഗാംഗുലി 49 ടെസ്റ്റുകളില്‍ ക്യാപ്റ്റനായപ്പോള്‍ 21 മത്സരം ജയിച്ചു.
