ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തിയ സാഹചര്യത്തില്‍ ഓസ്ട്രേലിയയില്‍ പരമ്പര നേട്ടം ആവര്‍ത്തിക്കുക ഇന്ത്യക്ക് എളുപ്പമാകില്ലെന്നും ഹസി പറഞ്ഞു. ലോകോത്തര ബൗളിംഗ് നിരയായ പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ഹേസല്‍വുഡും ചേരുമ്പോള്‍ ഓസീസ് കരുത്തുറ്റവരുടെ സംഘമായി മാറുന്നു

സിഡ്നി: ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ രോഹിത് ശര്‍മക്ക് ഓസ്ട്രേലിയയില്‍ തിളങ്ങാനാകുമെന്ന് മുന്‍ ഓസീസ് താരം മൈക് ഹസി. ഓസ്ട്രേലിയന്‍ സാഹചര്യങ്ങള്‍ ഏത് ബാറ്റ്സ്മാനും വെല്ലുവിളിയാണ്. സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടാല്‍ രോഹിത്തിന് ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം നടത്താനാവുമെന്നും ഹസി പറഞ്ഞു.

ഓസീസില്‍ തിളങ്ങാനുള്ള പ്രതിഭയും കഴിവും രോഹിത്തിനുണ്ട് എന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. ഏകദിന ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയിലുള്ള ദീര്‍ഘകാലത്തെ പരിചയസമ്പത്തും രോഹിത്തിന് മുതല്‍ക്കൂട്ടാണ്. ഇനി ടെസ്റ്റില്‍ തിളങ്ങാനുള്ള അവസരമാണ് രോഹിത്തിന് മുന്നിലുള്ളത്. അതിനായി ഓസ്ട്രേലിയയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എന്നത് മാത്രമാണ് രോഹിത്തിന് ചെയ്യാനുള്ളതെന്നും ഹസി പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ധോണിയെ അനുവദിക്കണമെന്നും ഹസി പറഞ്ഞു. വ്യക്തിയെന്ന നിലയിലും ചെന്നൈ സൂപ്പര്‍ കിംഗ്സ താരമെന്ന നിലയിലും ധോണി എല്ലാവര്‍ക്കും ആദരണീയനായ താരമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം ഒരു 10 വര്‍ഷം കൂടി ടീമില്‍ കളിക്കണമെന്നാണ് ഞങ്ങളുടെയൊക്കെ ആഗ്രഹം. പക്ഷെ അദ്ദേഹം എന്താണ് തീരുമാനിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അദ്ദേഹത്തിന് കഴിയാവുന്നിടത്തോളം കളി തുടരട്ടെയെന്നും ഹസി പറഞ്ഞു.

ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ പര്യടനത്തിന് എത്തുന്ന ഇന്ത്യ നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് കളിക്കുക.