മുംബൈ: ക്രിക്കറ്റിന്റെ സാധ്യതകളെല്ലാം പരീക്ഷിക്കുന്ന വേദിയാണ് ട്വന്റി 20. ബാറ്റ്സ്‌മാൻമാരും ബൗള‍‍ർമാരുമെല്ലാം ഒരുപോലെ പൂത്തുലയുന്ന കളിത്തട്ട്. ഇത്തരമൊരു ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ചുറി അസാധ്യമല്ലെന്ന് ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് പറയുന്നു. ഈ നേട്ടം സ്വന്തമാക്കാൻ സാധ്യതയുള്ള താരങ്ങൾ ആരൊക്കെ എന്നും യുവരാജ് പ്രവചിക്കുന്നു.

ട്വന്റി 20യിൽ ഇരട്ട സെഞ്ചുറി എളുപ്പമല്ല. പക്ഷേ, സമീപകാലത്ത് കളിയിലുണ്ടായ മാറ്റങ്ങൾ നോക്കുമ്പോൾ ഇത് അസാധ്യവുമല്ലെന്ന് യുവരാജ് പറയുന്നു. മൂന്ന് താരങ്ങളാണ് ട്വന്റി 20യിൽ ഇരട്ട സെഞ്ചുറി നേടാൻ സാധ്യതയെന്നും യുവരാജ് പ്രവചിക്കുന്നു. ട്വന്റി 20യിലെ ഉയ‍ർന്ന സ്‌കോറിന് ഉടമായായ വിന്‍ഡീസ് സൂപ്പര്‍താരം ക്രിസ് ഗെയ്ൽ തന്നെയാണ് ഒന്നാമൻ. ഐപിഎല്ലിൽ ഗെയ്ൽ നേടിയ 175 നോട്ടൗട്ടാണ് ട്വന്റി20യിലെ ഉയർന്ന വ്യക്തിഗത സ്‌കോർ. 

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും എ ബി ഡിവില്ലിയേഴ്‌സാണ് യുവരാജിന്റെ സാധ്യതാ പട്ടികയിലെ രണ്ടാമൻ. ട്വന്റി 20യിൽ ഇരട്ട സെഞ്ചുറി നേടാൻ സാധ്യതയുള്ള ഒരേയൊരു ഇന്ത്യന്‍ ബാറ്റ്സ്‌മാനേ യുവരാജിന്റെ കാഴ്‌ചയിലുള്ളൂ. അത് സാക്ഷാല്‍ ഹിറ്റ്‌മാന്‍ രോഹിത് ശർമ്മയാണ്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറി നേടി വിസ്‌മയിപ്പിച്ച താരമാണ് രോഹിത്.