ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മുംബൈ ജയിച്ചിരുന്നു. സീസണില്‍ മുംബൈയുടെ ആദ്യ ജയമായിരുന്നിത്. ഡല്‍ഹിയെ 29 റണ്‍സിനാണ് മുംബൈ തോല്‍പ്പിച്ചത്.
മുംബൈ: ഐപിഎല്ലിലെ ഒറ്റക്കളിയില്‍ നാല് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മ. ഡല്‍ഹി കാപിറ്റല്‍സിനെതിരെ മത്സരത്തിനിറങ്ങുമ്പോള്‍ തന്നെ ടി20യില്‍ 250 മത്സരം കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് രോഹിത് സ്വന്തമാക്കി. ഐപിഎല്ലില്‍ 100 ക്യാച്ചെടുക്കുന്ന നാലാമത്തെ താരമെന്ന റെക്കോര്‍ഡും രോഹിത്തിന് സ്വന്തം. 103 ക്യാച്ചുള്ള കീറണ്‍ പൊള്ളാര്‍ഡും 109 ക്യാച്ചുള്ള സുരേഷ് റെയ്‌നയും 110 ക്യാച്ചുളള വിരാട് കോലിയുമാണ് രോഹിത്തിന് മുന്നിലുള്ള താരങ്ങള്‍. ഡല്‍ഹിക്കിതിരെ മാത്രം ആയിരം റണ്‍സും ഐപിഎല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സ് എന്ന നാഴികക്കല്ലും രോഹിത്ത് പിന്നിട്ടു.
ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മുംബൈ ജയിച്ചിരുന്നു. സീസണില്‍ മുംബൈയുടെ ആദ്യ ജയമായിരുന്നിത്. ഡല്‍ഹിയെ 29 റണ്‍സിനാണ് മുംബൈ തോല്‍പ്പിച്ചത്. മുംബൈ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.ല25 പന്തില്‍ 71 റണ്‍സടിച്ച ട്രൈസ്റ്റന്‍ സ്റ്റബ്‌സും 40 പന്തില്‍ 60 റണ്‍സടിച്ച പൃഥ്വി ഷായും പൊരുതി നോക്കിയെങ്കിലും ഡല്‍ഹി വീണു. സ്‌കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 234-5, ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 205-8. മുംബൈക്കായി ജെറാള്‍ഡ് കോയെറ്റ്‌സീ നാലു വിക്കറ്റെടുത്തപ്പോണ്‍ ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റെടുത്തു. ജയത്തോടെ ടി20 ചരിത്രത്തില്‍ 150 വിജയങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന നേട്ടവും മുംബൈക്ക് സ്വന്തമായി.
അവസാന ഓവറില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ 34 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ അതുവരെ തകര്‍ത്തടിച്ച സ്റ്റബ്‌സിന് അവസാന ഓവറില്‍ ഒറ്റ പന്തുപോലും നേരിടാന്‍ കഴിയാതിരുന്നതോടെ ഡല്‍ഹി തോല്‍വി വഴങ്ങി. ഡല്‍ഹിയുടെ ആന്റിച്ച് നോര്‍ക്യ എറിഞ്ഞ മുംബൈ ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ റൊമാരിയോ ഷെപ്പേര്‍ഡ് 32 റണ്‍സടിച്ചത് മത്സര ഫലത്തില്‍ നിര്‍ണായകമായി. സീസണില്‍ മുംബൈയുടെ ആദ്യ ജയവും ഡല്‍ഹിയുടെ നാലാം തോല്‍വിയുമാണിത്. ജയത്തോടെ മംബൈ ഡല്‍ഹിയെ അവസാന സ്ഥാനത്തേക്ക് പിന്തള്ളി എട്ടാം സ്ഥാനത്തേക്ക് കയറി. റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരു ആണ് ഒമ്പതാമത്.

