ഫ്ളോറിഡ: ടി20 ക്രിക്കറ്റില്‍ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ. കുട്ടിക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന റെക്കോഡാണ് ഹിറ്റ്മാന്റെ പേരിലായത്. 105 സിക്‌സുകള്‍ നേടിയിട്ടുണ്ടായിരുന്ന വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് രോഹിത് മറികടന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടി20ക്ക് മുമ്പ് 104 സിക്‌സാണ് രോഹിത്തിന്റെ പേരിലുണ്ടായിരുന്നത്. ഇന്ന് മൂന്നെണ്ണം കൂടി നേടിയതോടെ സിക്‌സുകളുടെ എണ്ണം 107 ആയി. 

96 മത്സരങ്ങളില്‍ നിന്നാണ് രോഹിത്തിന്റെ നേട്ടം. എന്നാല്‍ യൂണിവേഴ്‌സല്‍ ബോസ് എന്നറിയപ്പെടുന്ന ഗെയ്ല്‍ 58 മത്സരങ്ങളില്‍ നിന്നാണ് 105 സിക്‌സ് സ്വന്തമാക്കിയത്. 76 മത്സരങ്ങളില്‍ 103 സിക്‌സുകള്‍ നേടിയിട്ടുള്ള ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലാണ് മൂന്നാമത്. 92 സിക്‌സുമായി കിവീസിന്റെ തന്നെ കോളിന്‍ മണ്‍റോ നാലാമതുണ്ട്. മുന്‍ കിവീസ് താരം ബ്രണ്ടന്‍ മക്കല്ലമാണ് അഞ്ചാമത്. 

ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ സ്വന്തമാക്കിയ താരവും രോഹിത്താണ് 232 ഏകദിന സിക്‌സുകളാണ് രോഹിത്തിന്റെ പേരിലുള്ളത്. ഇന്റര്‍നാഷണല്‍ തലത്തില്‍ നാലാമനാണ് ഇന്ത്യന്‍ ഓപ്പണര്‍. ടി20യില്‍ എന്തായാലും ക്രിസ് ഗെയ്ല്‍ ഇനി കളിക്കാനില്ലാത്തതിനാല്‍ തല്‍ക്കാലം ഗപ്റ്റിലിനെ മാത്രം പേടിച്ചാല്‍ മതി ഇന്ത്യന്‍ ഉപനായകന്.