വേഗത്തില്‍ 1000 പിന്നിട്ട ആദ്യ 150 താരങ്ങളില്‍ പോലും രോഹിത്തില്ല! പക്ഷേ 10,000 പിന്നിട്ടത് അമ്പരപ്പിച്ചുകൊണ്ട്
ഏകദിന ഫോര്‍മാറ്റില്‍ 10,000 റണ്‍സ് മറികടക്കുന്നതിനൊപ്പം മറ്റൊരു റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. വേഗത്തില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഓപ്പണറായിരിക്കുകയാണ് രോഹിത്.

കൊളംബൊ: ഏകദിന ലോകകപ്പ് അടുത്തെത്തി നില്‍ക്കെ ഇന്ത്യക്ക് ആശ്വാസം നല്‍കുന്നത് എല്ലാവരും ഫോമിലെത്തിയെന്നുള്ളത്. പ്രത്യേകിച്ച് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ. ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായി രണ്ട് അര്‍ധ സെഞ്ചുറി നേടാന്‍ രോഹിത്തിനായിരുന്നു. ഇന്നലെ ശ്രീലങ്കയ്‌ക്കെതിരേയും അതിന് മുമ്പ് പാകിസ്ഥാനെതിരേയും രോഹിത് അര്‍ധ സെഞ്ചുറി നേടി.
ഏകദിന ഫോര്‍മാറ്റില്‍ 10,000 റണ്‍സ് മറികടക്കുന്നതിനൊപ്പം മറ്റൊരു റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. വേഗത്തില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഓപ്പണറായിരിക്കുകയാണ് രോഹിത്. 160 ഇന്നിംഗ്‌സില്‍ നിന്നാണ് രോഹിത്തിന്റെ നേട്ടം. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയെയാണ് (173 ഇന്നിംഗ്‌സ്) രോഹിത് മറികടന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (179), സൗരവ് ഗാംഗുലി (208), ക്രിസ് ഗെയ്ല്‍ (209) എന്നിവരെയാണ് രോഹിത് മറികടന്നത്.
മാത്രമല്ല, വേഗത്തില്‍ 10,000 റണ്‍സ് മറികടക്കുന്ന രണ്ടാമത്തെ താരം കൂടിയാണ് രോഹിത്. രസകരമായ മറ്റുചില വസ്തുതകള്‍ കൂടിയുണ്ട്. രോഹിത് 1000 റണ്‍സ് മറികടക്കുമ്പോള്‍ വേഗത്തില്‍ ഇത്രയും റണ്‍സ് പിന്നിട്ട ആദ്യ 150 താരങ്ങളില്‍ പോലും ഇന്ത്യന്‍ ക്യാപ്റ്റനില്ലായിരുന്നു. 2000 റണ്‍സ് പിന്നിടുമ്പോള്‍ ആദ്യ 100 താരങ്ങളിലും രോഹിത്തില്ല. 6000 പിന്നിടുമ്പോള്‍ വേഗമേറിയ 17-ാമത്തെ താരമായിരുന്നു രോഹിത്. പിന്നീട് വേഗത്തില്‍ 8000 പിന്നിടുന്ന അഞ്ചാമത്തെ താരമെന്ന നിലയിലേക്ക് രോഹിത് മാറി. 9000 പിന്നിടുന്ന മൂന്നാമത്തെ വേഗമേറിയ താരം കൂടിയായി രോഹിത്. ഇപ്പോള്‍ 10000 പിന്നിട്ടത് വേഗത്തിന്റെ കാര്യത്തില്‍ രണ്ടാമനായി.
ശ്രീലങ്കയ്‌ക്കെതിരെ 48 പന്തില്‍ 53 റണ്‍സാണ് രോഹിത് നേടിയത്. രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ടോപ് സ്‌കോററും രോഹിത്തായിരുന്നു.