മത്സരത്തില്‍ 52 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയില്‍ ഏകദിനത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഒന്‍പതാം താരമെന്ന നേട്ടം രോഹിത് ശര്‍മ്മ സ്വന്തമാക്കിയിരുന്നു.

മൊഹാലി: മൊഹാലിയിലെ ഹിറ്റ്‌മാന്‍ ഷോയില്‍ വിരാട് കോലിയുടെ പേരിലുള്ള റെക്കോര്‍ഡ് പഴങ്കഥ. മത്സരത്തില്‍ 52 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയില്‍ ഏകദിനത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഒന്‍പതാം താരമെന്ന നേട്ടം രോഹിത് ശര്‍മ്മ സ്വന്തമാക്കിയിരുന്നു. കുറഞ്ഞ ഇന്നിംഗ്സുകളില്‍ 3000 റണ്‍സ് തികച്ച താരമെന്ന നേട്ടത്തില്‍ കോലിയെ മറികടക്കാനും രോഹിതിനായി. 

ഏകദിനത്തിലെ 57-ാം ഇന്ത്യന്‍ ഇന്നിംഗ്സിലാണ് രോഹിത് 3000 ക്ലബില്‍ എത്തിയത്. 63 ഇന്നിംഗ്സുകളില്‍ 3000 റണ്‍സിലെത്തിയ കോലിയുടെ പേരിലായിരുന്നു നേരത്തെ റെക്കോര്‍ഡ്. സച്ചിന്‍, ധോണി, കോലി, യുവ്‌രാജ്, ഗാംഗുലി, ദ്രാവിഡ്, അസ്‌ഹറുദീന്‍, സെവാഗ് എന്നിവരാണ് 3000 ക്ലബിലുള്ള ഇന്ത്യന്‍ താരങ്ങള്‍.

ഏതെങ്കിലുമൊരു രാജ്യത്ത് കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ 3000 റണ്‍സ് തികച്ച താരങ്ങളുടെ പട്ടികയില്‍ ഹാഷിം അംലയ്ക്ക് ഒപ്പമെത്താനും രോഹിതിനായി. ദക്ഷിണാഫ്രിക്കയില്‍ അംല 57 ഇന്നിംഗ്‌സില്‍ 3000 റണ്‍സ് തികച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു രാജ്യത്ത് 3000 ഏകദിന റണ്‍സ് കിതയ്ക്കുന്ന 37-ാം താരം കൂടിയാണ് രോഹിത്.