നേരത്തെ ടീം ബസിലായിരുന്നില്ല രോഹിത് വാംഖഡെയില്‍ പരിശീലനത്തിന് എത്തിയത്. തന്‍റെ 0264 എന്ന നമ്പറുള്ള റേഞ്ച് റോവറിലായിരുന്നു രോഹിത് പരിശീലനത്തിനായി വാംഖഡെയില്‍ വന്നിറങ്ങിയത്.
മുംബൈ: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാന നഷ്ടമായെങ്കിലും ടീം ബസിന്‍റെ നിയന്ത്രണം കൈയിലെടുത്ത് രോഹിത് ശര്‍മ. ഇന്നലെ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നിന്ന് ടീം അംഗങ്ങള്‍ പരിശീലനം കഴിഞ്ഞ് മടങ്ങാന്‍ തുടങ്ങുമ്പോഴാണ് രോഹിത് ടീം ബസിന്‍റെ ഡ്രൈവറായി ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്നത്. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ അടക്കമുള്ളവരെ പിന്നിലിരുത്തിയാണ് രോഹിത് ഡ്രൈവിംഗ് സീറ്റിലിരുന്ന് എല്ലാവരോടും വേഗം ബസില്‍ കയറാന്‍ ആവശ്യപ്പെട്ട് ഇന്ന് ഈ വണ്ടി ഞാനോടിക്കുമെന്ന് രോഹിത് പറഞ്ഞത്.
ബസിന്‍റെ ഡ്രൈവര്‍ ചെയ്യുന്നതുപോലെ സ്റ്റിയറിംഗ് എല്ലാം പിടിച്ച് ഗിയറെല്ലാം മാറ്റി മുന്നിലുള്ള ആളുകളോട് മാറാന്‍ പറയുന്ന രോഹിത് ബസിലുള്ള സഹതാരങ്ങളെയും പൊട്ടിച്ചിരിപ്പിച്ചു. മുംബൈ ടീം ബസിന് പുറത്ത് കാത്തു നിന്ന നൂറു കണക്കിന് ആരാധകര്‍ രോഹിത് മുംബൈ ടീം ബസിന്‍റെ ഡ്രൈവിംഗ് സീറ്റിലിരുന്നപ്പോള്‍ കൈയടികളോടെയാണ് വരവേറ്റത്. പലരും ഈ രംഗങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
നേരത്തെ ടീം ബസിലായിരുന്നില്ല രോഹിത് വാംഖഡെയില്‍ പരിശീലനത്തിന് എത്തിയത്. തന്‍റെ 0264 എന്ന നമ്പറുള്ള റേഞ്ച് റോവറിലായിരുന്നു രോഹിത് പരിശീലനത്തിനായി വാംഖഡെയില്‍ വന്നിറങ്ങിയത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 264 റണ്‍സ് നേടിയതിന്‍റെ ഓര്‍മക്കായാണ് രോഹിത് തന്‍റെ കാറിന്‍റെ നമ്പറും 0264 എന്നാക്കിയത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ശ്രീലങ്കക്കെതിരായ ഏകദിനത്തിലായിരുന്നു രോഹിത് 264 റണ്‍സടിച്ച് റെക്കോര്‍ഡിട്ടത്. കഴിഞ്ഞ ദിവം ആര്‍സിബിക്കെതിരായ മത്സരത്തിന് മുമ്പ് മുംബൈ ടീം ഉടമ ആകാശ് അംബാനി ഓടിച്ച കാറിലായിരുന്നു രോഹിത് സ്റ്റേഡിയത്തിലെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബിയെ തകര്‍ത്തുവിട്ട മുംബൈ ഇന്ന് ചെന്നൈയെയും വീഴ്ത്തി തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് വാംഖഡെയില്‍ ഇറങ്ങുന്നത്.
