ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ രോഹിത് സെഞ്ചുറി നേടിയിട്ട് ഒരു വര്‍ഷമാകുന്നു. ഇംഗ്ലണ്ടില്‍ (ENGvIND) മൂന്ന് ഏകദിനങ്ങള്‍ക്കിടെ ഒരു സെഞ്ചുറി കൂടി സ്വന്തമാക്കിയാല്‍ രോഹിത്തിനെ തേടി ഒരു ലോക റെക്കോര്‍ഡും വരും.

ലണ്ടന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് (Rohit Sharma) ഇംഗ്ലണ്ടിലെ പിച്ചുകളോട് പ്രത്യേക ഇഷ്ടമുണ്ട്. വിവിഎസ് ലക്ഷ്മണ്‍, ഓസ്‌ട്രേലിയക്കെതിരെ കളിക്കുന്നത് പോലെയാണത്. രോഹിത്തിന്റെ അവസാന രണ്ട് സെഞ്ചുറികളും പിറന്നത് ഇംഗ്ലണ്ടിനെതിരെയാണ്. മൂന്ന് ഫോര്‍മാറ്റിലും 44 കൂടുതല്‍ ശരാശരിയില്‍ കളിക്കാന്‍ രോഹിത്തിനായിട്ടുണ്ട്. ഇന്ന് ഏകദിന പരമ്പര തുടങ്ങാനിരിക്കെ രണ്ട് റെക്കോര്‍ഡുകള്‍ക്കരികിലാണ് രോഹിത്.

ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ രോഹിത് സെഞ്ചുറി നേടിയിട്ട് ഒരു വര്‍ഷമാകുന്നു. ഇംഗ്ലണ്ടില്‍ (ENGvIND) മൂന്ന് ഏകദിനങ്ങള്‍ക്കിടെ ഒരു സെഞ്ചുറി കൂടി സ്വന്തമാക്കിയാല്‍ രോഹിത്തിനെ തേടി ഒരു ലോക റെക്കോര്‍ഡും വരും. ഏതെങ്കിലും വിദേശ രാജ്യത്ത് ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന നേട്ടമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. 

രോഹിത് ഏഴ് സെഞ്ചുറികള്‍ ഇംഗ്ലണ്ടിനെതിരെ നേടിയിട്ടുണ്ട്. എബി ഡിവില്ലിയേഴ്‌സ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (Sachin Tendulkar), സയീദ് അന്‍വര്‍ എന്നിവരെല്ലാം ഇക്കാര്യത്തില്‍ രോഹിത്തിനൊപ്പമാണ്. ഡിവില്ലിയേഴ്‌സ് ഇന്ത്യയിലാണ് ഏഴ് സെഞ്ചുറികള്‍ നേടിയിട്ടുള്ളത്. സച്ചിന്‍ യുഎഇയില്‍ ഏഴ് സെഞ്ചുറികള്‍ നേടി. മുന്‍ പാകിസ്ഥാന്‍ താരം സയ്യിദ് അന്‍വറിനും യുഎഇയില്‍ തന്നെയാണ് നേട്ടം.

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ രോഹിത് അഞ്ച് സെഞ്ചുറികള്‍ നേടിയിരുന്നു. അടുത്ത സുഹൃത്തായ ശിഖര്‍ ധവാനൊപ്പം ഓപ്പണ്‍ ചെയ്യാനെത്തുന്നതും രോഹിത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഇരുവരുടേയും കൂട്ടുകെട്ട് ആറ് റണ്‍സ് കൂടി നേടിയാല്‍ ഏകദിനത്തില്‍ 5000 റണ്‍സ് മറികടക്കാനും സാധിക്കും. സച്ചിന്‍- ഗാംഗുലി കൂട്ടുകെട്ടിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ സഖ്യമായിരിക്കും ഇവര്‍.

ഏകദിനത്തില്‍ ഒരു വിദേശ രാജ്യത്ത് ഏറ്റവും കൂടുതല്‍ ശരാശരിയുള്ള താരങ്ങളില്‍ ഒരാള്‍ കൂടിയാണ് രോഹിത്. ഇംഗ്ലണ്ടില്‍ 66.8-ാണ് രോഹിത്തിന്റെ ശരാശരി. ഇന്ത്യയില്‍ 70.03 ശരാശരിയുള്ള ഡിവില്ലിയേഴ്‌സാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ഇംഗ്ലണ്ടില്‍ 69.06 ശരാശരിയുണ്ട്. മൂന്നാം സ്ഥാനത്താണ് രോഹിത്. ഇംഗ്ലണ്ടില്‍ 64.7 ശരാശരിയുള്ള ശിഖര്‍ ധവാന്‍ നാലാമതാണ്.