രാത്രി പത്തരയ്ക്കാണ് കളി തുടങ്ങുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രോഹിത്തിനൊപ്പം ഇഷാന്‍ കിഷന്‍ (കവെമി ഗശവെമി) ഓപ്പണറാവുമ്പോള്‍ സഞ്ജു സാംസണ്‍  ടീമിലെത്താന്‍ സാധ്യതയില്ല.

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്‌ക്കൊരുങ്ങുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടെസ്റ്റ് പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രോഹിത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പകരം നയിച്ചത് ജസ്പ്രിത് ബുമ്രയായിരുന്നു. മത്സരം ഇന്ത്യ തോല്‍ക്കുകയും പരമ്പര കൈവിടുകയും ചെയ്തു. 2-1ന് മുന്നിട്ട് നില്‍ക്കെയാണ് ഇന്ത്യ തോല്‍ക്കുകയും പരമ്പര സമനിലയാവുകയും ചെയ്തത്. ഇനി നിശ്ചിത ഓവര്‍ ക്രിക്കറ്റിന്റെ സമയാണ്. മൂന്ന് വീതം ടി20- ഏകദിന മത്സരങ്ങളാണ് ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ കളിക്കുക. ആദ്യ ടി20 ഇന്ന് സതാംപ്ടണില്‍ നടക്കും. രോഹിത് തിരിച്ചെത്തുന്നുവെന്നുള്ളതാണ് പ്രത്യേക. അതേസമയം, മുതിര്‍ന്ന താരങ്ങളായി വിരാട് കോലി, ജസ്പ്രിത് ബുമ്ര, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. 

ടി20 പരമ്പര വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് രോഹിത് പറയുന്നത്. പരമ്പരയ്ക്ക് മുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരന്പര വെല്ലുവിളി നിറഞ്ഞതായിരിക്കും. ടി20 ലോകകപ്പ് മുന്നില്‍ കണ്ടായിരിക്കും ഇന്ത്യ കളിക്കുക. ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിലേക്ക് മൂന്ന് മാസത്തെ ദൂരമേയുള്ളൂ. ഇതിന് മുന്‍പ് കെട്ടുറപ്പുള്ള ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് ഇറങ്ങുമ്പോഴും ലോകകപ്പിലേക്കാണ് ഇന്ത്യ നോക്കുന്നത്. ടീമിലെ യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള സുവര്‍ണാവസരം കൂടിയാണിത്. പരിചയക്കുറവുണ്ടെങ്കിലും എല്ലാവര്‍ക്കും ഉത്തരവാദിത്തങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്.'' രോഹിത് പറഞ്ഞു.

രാത്രി പത്തരയ്ക്കാണ് കളി തുടങ്ങുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രോഹിത്തിനൊപ്പം ഇഷാന്‍ കിഷന്‍ (കവെമി ഗശവെമി) ഓപ്പണറാവുമ്പോള്‍ സഞ്ജു സാംസണ്‍ ടീമിലെത്താന്‍ സാധ്യതയില്ല. സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹാര്‍ദിക് പണ്ഡ്യ, ദിനേഷ് കാര്‍ത്തിക് എന്നിവരായിരിക്കും പിന്നാലെയെത്തുക. ബൗളര്‍മാരില്‍ അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്കും സ്ഥാനമുറപ്പ്. അവസാന സ്ഥാനത്തിനായി ഉമ്രാന്‍ മാലിക്കും അര്‍ഷ്ദീപ് സിംഗും തമ്മിലായിരിക്കും മത്സരം. 

സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ഹര്‍ഷല്‍ പട്ടേല്‍, യൂസ്വേന്ദ്ര ചാഹല്‍.