81 റണ്‍സ് നേടിയ രോഹിത് മത്സരത്തിലെ താരമായി. തനിക്ക് ലഭിച്ച ഭാഗ്യത്തെ കുറിച്ചും ഇന്നിംഗ്‌സിനെ കുറിച്ചും രോഹിത് സംസാരിച്ചു.

മൊഹാലി: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഐപിഎല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലേക്ക് രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സ് കൂടിയായിരുന്നു. 81 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. മത്സരത്തിലെ താരവും രോഹിത്തായിരുന്നു. രോഹിത് ശര്‍മ്മയെ പുറത്താക്കാന്‍ ലഭിച്ച അവസരം രണ്ട് തവണയാണ് ഗുജറാത്ത് ഫീല്‍ഡര്‍മാര്‍ പാഴാക്കി കളഞ്ഞത്. ബൗണ്ടറി ലൈനിനരികെ ജെറാള്‍ഡ് കോര്‍ട്‌സിയയും ജോസ് ബട്‌ലര്‍ക്ക് പകരം ടീമിലെത്തിയ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസുമാണ് പിഴവ് വരുത്തിയത്.

ഇപ്പോള്‍ തന്റെ തനിക്ക് കിട്ടിയ ഭാഗ്യത്തെ കുറിച്ചും ഇന്നിംഗ്‌സിനെ കുറിച്ചും സംസാരിക്കുകയാണ് രോഹിത്. പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം വാങ്ങാനെത്തിയപ്പോഴാണ് രോഹിത് ഇന്നിംഗ്‌സിനെ കുറിച്ച് സംസാരിച്ചത്. മുന്‍ ക്യാപ്റ്റന്റെ വാക്കുകള്‍... ''എനിക്ക് നാല് അര്‍ധ സെഞ്ച്വറികള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. കൂടുതല്‍ റണ്‍സ് നേടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ക്ക് നല്ല ദിവസമായിരുന്നു. ഈ എലിമിനേറ്റര്‍ കളിക്കുന്നതിന്റെയും അടുത്ത ക്വാളിഫയറിന്റേയും പ്രാധാന്യം ഞാന്‍ മനസ്സിലാക്കുന്നു. ടീമിന്റെ പരിശ്രമങ്ങളില്‍ അഭിമാനമുണ്ട്. ഞാന്‍ ക്രീസിലുള്ളപ്പോള്‍, എല്ലാം മാറ്റിവെച്ച് എന്റെ പരമാവധി ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നു. ടീമിനായി എനിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നു.'' രോഹിത് വ്യക്തമാക്കി. 

അദ്ദേഹം തുടര്‍ന്നു... ''എനിക്ക് ലഭിച്ച ഭാഗ്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടിവന്നു. അത്തരമൊരു ഇന്നിംഗ്‌സ് കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ടീമിനെ നല്ല സ്ഥാനത്ത് എത്തിക്കാന്‍ സാധിച്ചു. സത്യം പറഞ്ഞാല്‍, ടൂര്‍ണമെന്റില്‍ ഞാന്‍ ആ ഷോട്ടുകള്‍ മുമ്പും കളിച്ചിട്ടുണ്ട്, പുറത്തായിട്ടുമുണ്ട്. എന്നാല്‍ ഭാഗ്യം എന്റെ കൂടെയായിരുന്നു. എന്റെ ദിവസമായിരുന്നു. പക്ഷേ അതിനുശേഷവും കളിക്കണം. ആ വേഗം നിലനിര്‍ത്തുന്നതിലായിരുന്നു ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ജോണി ബെയര്‍‌സ്റ്റോയെ വര്‍ഷങ്ങളായി ഞാന്‍ മറുവശത്ത് നിന്ന് നിരീക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലവാരം നമുക്കറിയാം. അതാണ്ട് ഗ്രൗണ്ടില്‍ കണ്ടതും'' രോഹിത് കൂട്ടിചേര്‍ത്തു.

ഐപിഎല്ലില്‍ ഏഴായിരം റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു. 271 മത്സരങ്ങളില്‍ നിന്നാണ് രോഹിത് ഏഴായിരം റണ്‍സ് പൂര്‍ത്തിയാക്കിയത്. 266 കളിയില്‍ 8618 റണ്‍സെടുത്ത വിരാട് കോലിയാണ് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത്. 6769 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് മൂന്നാം സ്ഥാനത്തുള്ളത്.