അതിനുള്ള ക്രഡിറ്റ് കോച്ചിന് നല്‍കണം! സെമി ഫൈനലിന് മുമ്പ് ദ്രാവിഡിനെ പ്രശംസിച്ച് ക്യാപ്റ്റന് രോഹിത് ശര്‍മ
മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. താരങ്ങളെ പിന്തുണക്കുന്നതില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ റോള്‍ വ്യക്തമാക്കുന്നുമുണ്ട് രോഹിത്.

മുംബൈ: ഏകദിന ലോകകപ്പിലെ ഏറ്റവും വലിയ മത്സരങ്ങള്‍ക്കൊന്നിന് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. മുംബൈ, വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെ നേരിടും. ലോകകപ്പില്‍ സ്ഥിരത പുലര്‍ത്തുന്ന ടീമുകളിലൊന്നാണ് ന്യൂസിലന്‍ഡ്. കഴിഞ്ഞ രണ്ട് തവണയും അവര്‍ ഫൈനലില്‍ പ്രവേശിച്ചു. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് എപ്പോഴും പണി തരുന്നതും ന്യൂസിലന്‍ഡാണ്. ഇത്തവണ ഇന്ത്യന്‍ ഗ്രൗണ്ടിലാണ് മത്സരമെന്നുള്ളത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
ഇപ്പോള്‍ മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. താരങ്ങളെ പിന്തുണക്കുന്നതില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ റോള്‍ വ്യക്തമാക്കുന്നുമുണ്ട് രോഹിത്. ''ന്യൂസിലന്‍ഡ് ബുദ്ധിപൂര്‍വം കളിക്കുന്ന ടീമാണ്. എതിര്‍ ടീമിന്റെ സമീപനത്തെ കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ഞങ്ങളും അതുതന്നെയാണ് ചെയ്യുന്നത്. 2015 മുതല്‍ അവര്‍ സ്ഥിരമായി അവര്‍ സെമി ഫൈനലിലും ഫൈനലിലും പ്രവേശിക്കുന്നുണ്ട്.'' രോഹിത് വ്യക്തമാക്കി.
''വാങ്കഡെയില്‍ ഞാന്‍ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഇവിടെ ടോസ് നിര്‍ണായകമാവില്ല. ഓരോ താരങ്ങള്‍ക്കും ഓരോ റോള്‍ നല്‍കിയിട്ടുണ്ട്. അത് വ്യക്തവുമാണ്. നായകനെന്ന നിലയില്‍ ടീം എങ്ങനെ കളിക്കണമെന്ന കാര്യത്തില്‍ കൃത്യമായ ബോധ്യമുണ്ട്. എല്ലാ താരങ്ങള്‍ക്കും പിന്തുണ കൊടുത്തു. അതില്‍ കോച്ച് രാഹുല്‍ ദ്രാവിഡിനും വലിയ രീതിയിലുള്ള പങ്കുണ്ട്. താരങ്ങള്‍ക്ക് മോശം സമയം ഉണ്ടായപ്പോഴും അദ്ദേഹം കൂടെനിന്നു. ഭാവിയിലും താരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ തുടരും.'' രോഹിത് ശര്‍മ കൂട്ടിചേര്‍ത്തു.
2019ല്‍ ന്യൂസിലന്‍ഡിനോട് സെമി ഫൈനലില്‍ തോറ്റാണ് ഇന്ത്യ പുറത്താവുന്നത്. അതിനുള്ള പ്രതികാരം കൂടി കാണും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മനസലില്‍. രണ്ടാം സെമി ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ്. നവംബര്‍ 19ന് അഹമ്മബാദാബ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനല്‍.