മുംബൈ: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് ഇന്ത്യയുടെ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ. സൗഹൃദ ദിനത്തില്‍ ആരാധകരുമായി ട്വിറ്ററില്‍ സംവദിക്കാനെത്തിയ രോഹിത് നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. മുന്‍ താരങ്ങളില്‍ നേരിടാന്‍ ആഗ്രഹിക്കുന്ന ബൗളര്‍ ആര് എന്നതായിരുന്നു ഒരു ചോദ്യം. ഓസ്‌ട്രേലിയന്‍ ഇതിഹാസത്തിന്‍റെ പേരായിരുന്നു രോഹിത്തിന്‍റെ മറുപടി. 

ഓസീസ് പേസ് ജീനിയസ് ഗ്ലെന്‍ മഗ്രാത്തിനെ നേരിടാന്‍ ഇഷ്‌ടപ്പെടുന്നു എന്നാണ് ഹിറ്റ്‌മാന്‍ വ്യക്തമാക്കിയത്. ലോക ക്രിക്കറ്റിലെ ഏറ്റവും എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പടുന്ന താരമാണ് മഗ്രാ. കരിയറില്‍ 124 ടെസ്റ്റില്‍ നിന്ന് 563 വിക്കറ്റും 250 ഏകദിന മത്സരങ്ങളില്‍ 381 വിക്കറ്റും മഗ്രാത്തിന് സ്വന്തമായുണ്ട്. ഒന്നര പതിറ്റാണ്ടോളം കാലം ഓസീസ് ജഴ്‌സിയണിഞ്ഞ മഗ്രാ മൂന്ന് ലോകകപ്പ് നേടിയ വിഖ്യാത ടീമിലുണ്ടായിരുന്നു. 

അതേസമയം, യുഎഇയില്‍ സെപ്റ്റംബര്‍ 19ന് തുടങ്ങാനിരിക്കുന്ന ഐപിഎല്‍ പതിമൂന്നാം എഡിഷനുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശര്‍മ്മ. മുംബൈ ഇന്ത്യന്‍സിന്‍റെ നായകനാണ് രോഹിത്. ഐപിഎല്ലില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് രോഹിത്തും സംഘവും ഇറങ്ങുന്നത്. നാല് കിരീടങ്ങളുമായി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കപ്പുയര്‍ത്തിയ ടീം കൂടിയാണ് മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ സീസണില്‍ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പിച്ച് മുംബൈ കിരീടം ചൂടി.  

വനിതകളുടെ സമ്പൂര്‍ണ ഐപിഎല്‍ സാധ്യമായേക്കും; പ്രതീക്ഷ പ്രകടിപ്പിച്ച് ശാന്ത രംഗസ്വാമി

ഓസ്‌ട്രേലിയ- വിന്‍ഡീസ് ടി20 പരമ്പര മാറ്റിവച്ചു