വിരമിക്കല്‍ വാര്‍ത്തകള്‍ക്കിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഐസിസി ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 

ദുബായ്: വിരമിക്കല്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഐസിസി ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 2025 ഐപിഎല്‍ സീസണിന് ശേഷം ക്രിക്കറ്റില്‍ സജീവമല്ലെങ്കിലും ഏറ്റവും പുതിയ റാങ്കിംഗില്‍ 38 കാരന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസ് - പാകിസ്ഥാന്‍ ഏകദിന പരമ്പര അവസാനിച്ചതോടെയാണ് ഐസിസി പുതിയ റാങ്കിംഗ് പുറത്തുവിട്ടത്. പരമ്പരയില്‍ മോശം ഫോമിലായിരുന്നു ബാബര്‍ അസമിനെ പിന്തള്ളിയാണ് രോഹിത് രണ്ടാമതെത്തിയത്. ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് ഒന്നാം സ്ഥാനത്ത്.

ഗില്ലിനേക്കാള്‍ 28 പോയിന്റുകള്‍ കുറവായ രോഹിത്തിന് 756 റേറ്റിംഗ് പോയിന്റുണ്ട്, അതേസമയം ബാബര്‍ 751 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. മുന്‍ നായകന്‍ വിരാട് കോലി 736 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഒക്ടോബറില്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇരുവര്‍ക്കും സ്ഥാനം മെച്ചപ്പെടുത്താം. ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം രോഹിതും കോലിയും വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് റാങ്കിംഗിലെ ഉയര്‍ച്ച.

എട്ടാം സ്ഥാനത്തുള്ള ശ്രേയസ് അയ്യരാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ (ന്യൂസിലന്‍ഡ്), ചരിത് അസലങ്ക (ശ്രീലങ്ക), ഹാരി ടെക്ടര്‍ (അയര്‍ലന്‍ഡ്) എന്നിവര്‍ യഥാക്രമം അഞ്ച് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍. തുടര്‍ന്ന് ശ്രേയസ് അയ്യര്‍. ഇബ്രാഹിം സദ്രാന്‍ (അഫ്ഗാനിസ്ഥാന്‍), കുശാന്‍ മെന്‍ഡിസ് (ശ്രീലങ്ക) എന്നിവരാണ് ഒമ്പതും പത്തും സ്ഥാനങ്ങളില്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ എല്‍ രാഹുല്‍ പതിനഞ്ചാം സ്ഥാനത്താണ്.

ചാമ്പ്യന്‍സ് ട്രോഫിയിലാണ് രോഹിതും കോലിയും അവസാനമായി കളിച്ചത്. ദുബായില്‍ പാകിസ്ഥാനെതിരെ നേടിയ സെഞ്ച്വറിയുള്‍പ്പെടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് കോലി ടൂര്‍ണമെന്റില്‍ 218 റണ്‍സ് നേടി. രോഹിത്തിന് തുടക്കത്തില്‍ താളം കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 76 റണ്‍സ് നേടി. രോഹിത്തിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയിപ്പിച്ചത്. ഐപിഎല്‍ 2025 സീസണിന്റെ മധ്യത്തില്‍ ഇരുവരും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഓഗസ്റ്റില്‍ ഇരുവരും വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഈ മാസം ആദ്യം നിശ്ചയിച്ചിരുന്ന ബംഗ്ലാദേശിനെതിരായ പരമ്പര അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചു.

അതേസമയം, ബൗളര്‍മാരുടെ റാങ്കിംഗില്‍ ശ്രീലങ്കയുടെ മഹീഷ് തീക്ഷണ ഒന്നാമത് തുടരുന്നു. കുല്‍ദീപ് യാദവ് (2), രവീന്ദ്ര ജഡേജ (9) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ടീം റാങ്കിംഗില്‍ ഇന്ത്യയാണ് ഒന്നാമത്. ന്യൂസിലന്‍ഡും ഓസ്‌ട്രേലിയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

YouTube video player