ദില്ലി: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ച് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ബംഗ്ലാദേശിനെതിരായ ടി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന രോഹിത് മത്സരത്തിനായി ദില്ലിയിലെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

ധോണി വിരമിക്കുമോ എന്ന ചോദ്യത്തിന് ഇത്തരം വാര്‍ത്തകള്‍ ഡ്രസ്സിംഗ് റൂമിന് പുറത്തു നിന്നാണ് ഉണ്ടാവുന്നതെന്നും ടീമിലുള്ള ആര്‍ക്കും ഇതിനെക്കുറിച്ച് അറിവില്ലെന്നും രോഹിത് പറഞ്ഞു. ഞങ്ങളാരും ഇത്തരമൊരു വാര്‍ത്ത കേട്ടിട്ടില്ല.ഇതെല്ലാം ഉണ്ടാക്കുന്നത് നിങ്ങളാണെന്നും രോഹിത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലോകകപ്പിനുശേഷം ഇന്ത്യക്കായി ധോണി കളിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ധോണി റിട്ടയേഴ്സ് എന്നപേരിലുള്ള ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. ഇതിനുപിന്നാലെ ധോണി ആരാധകര്‍ ധോണി നെവര്‍ റിട്ടയേഴ്സ് എന്ന ഹാഷ് ടാഗുമായി രംഗത്തെത്തുകയും ചെയ്തു. എപ്പോള്‍ വിരമിക്കണമെന്ന കാര്യത്തില്‍ ധോണിയാണ് തീരുമാനമെടുക്കേണ്ടതെന്ന് ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലിയും നേരത്തെ വ്യക്തമാക്കിയിരുന്നു.